എറണാകുളം: കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ സിപിഎം നേതാക്കളെ ഇ ഡി ചോദ്യം ചെയ്യുന്നു. തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ്, മുൻ എംപിയും സിപിഎം സംസ്ഥാന സെക്രടറിയേറ്റ് അംഗവുമായ പി കെ ബിജു എന്നിവരെയാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് നാലാം തവണയും എം എം വർഗീസിനെ ചോദ്യം ചെയ്യുന്നത്.
വെള്ളിയാഴ്‌ച (മാർച്ച് 5) പന്ത്രണ്ട് മണിക്കൂറോളം ചോദ്യം ചെയ്‌താണ് എം എം വർഗീസിനെ ഇഡി വിട്ടയച്ചത്. തുടർന്ന് ഇന്ന് വീണ്ടും ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു. എം എം വർഗീസിനെ ഇഡി വീണ്ടും വീണ്ടും വിളിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന് പിന്നിൽ രാഷ്ട്രീയ താൽപര്യമുണ്ടെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കും. സിപിഎം ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് വിവരങ്ങളെല്ലാം നൽകിയിട്ടുണ്ട്. സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകളില്ലന്നും അദ്ദേഹം പറഞ്ഞു. തനിക്ക് പറയാനുള്ളത് ഇഡിയോട് പറയുമെന്നും അദ്ദേഹം ഇന്നും ആവർത്തിച്ചു.
ഏപ്രിൽ മൂന്നിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ എം എം വർഗീസിന് ഇഡി നേരത്തെ നോട്ടീസ് അയച്ചിരുന്നു. എന്നാൽ തനിക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ തിരക്കുള്ളതിനാൽ ഹാജരാകാൻ കഴിയില്ലന്നും ഏപ്രിൽ 26 ന് ശേഷം ഹാജരാകാമെന്നും ഇഡിയെ അറിയിച്ചിരുന്നു. എന്നാൽ ഇഡി ഇത് തള്ളുകയും ഏപ്രിൽ അഞ്ചിന് ഹാജറാകാൻ വീണ്ടും നോട്ടീസ് നൽകുകയും ചെയ്‌തു. ഇതോടെയാണ് എം എം വർഗീസ് വീണ്ടും ഇഡിക്ക് മുന്നിലെത്തിയത്.
വെള്ളിയാഴ്‌ചത്തെ ചോദ്യം ചെയ്യൽ പന്ത്രണ്ട് മണിക്കൂറിലേറെ നീണ്ടതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്. മുൻ എംപി പി കെ ബിജുവിനെ കഴിഞ്ഞ വ്യാഴാഴ്‌ച എട്ട് മണിക്കൂറോളമായിരുന്നു ചോദ്യം ചെയ്‌തത്. ഇതിൻ്റെ തുടർച്ചയായാണ് അദ്ദേഹത്തെയും ഇന്ന് വീണ്ടും ചോദ്യം ചെയുന്നത്. ചോദ്യം ചെയ്യലിനായി ഇഡി ഓഫീസിൽ ആദ്യമെത്തിയത് പി കെ ബിജുവായിരുന്നു.