കോഴിക്കോട്: വായുവും വെള്ളവും ഭക്ഷണവും കഴിഞ്ഞാൽ ജീവിതത്തിൽ പ്രധാനപ്പെട്ട ഒന്നാണ് വസ്‌ത്രം. ഓരോ ദിനവും വസ്ത്രങ്ങൾ മാറിമാറി ഉടുക്കുന്നവർക്ക് വസ്ത്രത്തിന്‍റെ വില അറിയണമെന്നില്ല. എന്നാൽ ഒരു വസ്ത്രം പോലും മാറിയുടുക്കാൻ ഇല്ലാത്തവർക്ക് അത് നന്നായി അറിയാം. അങ്ങനെയുള്ളവർ ഇനി ആർക്കുമുന്നിലും വസ്ത്രത്തിന് വേണ്ടി കൈനീട്ടേണ്ടതില്ല. നേരെ കാരുണ്യ മതിലിലേക്ക് പോയാൽ മതി.
കുഞ്ഞുടുപ്പുകൾ മുതൽ വലിയവരുടെ വസ്ത്രങ്ങൾ വരെയുണ്ട് കാരുണ്യ മതിലിൽ. വലിപ്പത്തിനനുസരിച്ചുള്ളവ സ്വന്തമായി തെരഞ്ഞെടുത്ത് കൊണ്ടുപോകുന്നതിൽ ആരും കാരുണ്യമതിലിൽ തടസം നിൽക്കില്ല. കോഴിക്കോട് ചെറൂട്ടി നഗറിലെ കെ പി ചന്ദ്രൻ റോഡിലാണ് കാരുണ്യമതിൽ എന്ന പേരിൽ സ്ഥാപനം ആരംഭിച്ചത്.
ഉപയോഗിച്ച് പഴകാത്ത വസ്ത്രങ്ങളും വീട്ടുസാമഗ്രികളും കാരുണ്യമതിലിലേക്ക് കൈമാറാവുന്നതാണ്. കാരുണ്യ മതിലിലൂടെ അത് അർഹതപ്പെട്ടവരുടെ കൈകളിൽ എത്തും. ദിവസവും വൈകുന്നേരം നാല് മണി മുതൽ എട്ടുമണി വരെയാണ് കാരുണ്യ മതിലിന്‍റെ പ്രവർത്തന സമയം. മാസത്തിൽ ഒരു തവണയാണ് ഒരാൾക്ക് വസ്ത്രങ്ങൾ നൽകുന്നത്. ഇവിടെയെത്തുന്ന ഒരാൾക്ക് ഒരു തവണ അഞ്ച് വസ്ത്രങ്ങൾ വരെയെടുക്കാനാകും.