കണ്ണൂരിലെ അശാസ്‌ത്രീയ ദേശീയപാത നിർമാണം മേഖലയിലെ വീടുകൾക്ക് ഭീഷണിയാകുന്നു (ETV Bharat) കണ്ണൂർ: ദേശീയപാത നിർമ്മാണത്തിലെ അശാസ്‌ത്രീയത പാത കടന്നുപോകുന്ന മേഖലകളിൽ കാത്തിരിക്കുന്നത് വൻ ദുരന്തം. ദേശീയപാതയ്‌ക്കായുള്ള കുന്നിടിക്കലും നിർമ്മാണ പ്രവൃത്തികളും കാരണം കണ്ണൂരിലെ പല മേഖലകളും മണ്ണിടിച്ചിൽ ഭീഷണിയിലാണ്. ദേശീയപാത കടന്നുപോകുന്ന കുപ്പത്തും കല്യാശേരി ഹാജി മൊട്ടയിലും നിർമാണം പൂർത്തിയാകുന്നതിനു മുമ്പേ ഇരുഭാഗത്ത് നിന്നും കുന്നുകൾ ഇടിഞ്ഞിരുന്നു.
കാടാച്ചിറയിൽ കുന്നിടിച്ചിൽ ഭീഷണിയിൽ ഭയന്ന് കഴിയുന്നത് നിരവധി കുടുംബങ്ങളാണ്. പലയിടങ്ങളിലും മൂന്നാൾ ആഴത്തിൽ കുഴിയെടുത്താണ് ദേശീയപാത നിർമ്മാണം നടക്കുന്നത്. ഇത്തരം അശാസ്ത്രീയ നിർമാണത്തിനെതിരെയാണ് ജനങ്ങളും പ്രതിഷേധം പങ്കുവെയ്ക്കുന്നത്.
ദേശീയപാത നിർമാണത്തിനായി ആഴത്തിലുള്ള കുഴിയെടുത്ത കണ്ണൂർ താഴെചൊവ്വയിൽ വീട് താഴേക്ക് പതിച്ചത് കഴിഞ്ഞ മാസമാണ്. മുട്ടോളം പാറയിൽ മഞ്ജിമ നിവാസിൽ ഷൈനുവിന്‍റെ വീടാണ് 16 മീറ്ററോളം താഴേക്ക് ഇടിഞ്ഞത്. അപകടസമയത്ത് വീട്ടിലും ദേശീയപാത പ്രവൃത്തി നടക്കുന്നയിടത്തും ആരുമില്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്. ദേശീയപാത നിർമാണത്തിനായി താഴെചൊവ്വ - ആറ്റടപ്പ റോഡിന് സമീപം ആഴത്തിൽ കുഴിയെടുത്തിരുന്നു.
ദേശീയപാത നിർമാണത്തിനായി മണ്ണെടുക്കാനായി മനുഷ്യനിർമ്മിതമായ കുന്നിടിക്കലാണ് നടക്കുന്നത്. ദേശീയപാത നിർമ്മാണത്തിനായി മണ്ണ് നൽകുകയെന്ന പേരിലാണ് സ്വകാര്യ വ്യക്തികളുടെ ശ്രമം. ദേശിയപാത നിർമ്മാണമായത് കൊണ്ടുതന്നെ ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥർ കുന്നിടിക്കാൻ മറ്റൊരു പരിശോധനയും നടത്താതെ അനുമതി നൽകുകയും ചെയ്യുന്നു. നൂറുകണക്കിന് ലോഡ് മണ്ണാണ് ഇത്തരം മേഖലകളിൽ നിന്ന് കുന്നിടിച്ച് കടത്തികൊണ്ടുപോകുന്നത്.
ഇത്തരം അശാസ്ത്രിയമായ കുന്നിടിക്കലിൻ്റെ ദുരിത ഫലം അനുഭവിക്കുന്നതാവട്ടെ സമീപം താമസിക്കുന്ന വീട്ടുകാരാണ്. മഴയൊന്നു കനത്താൽ കുന്നിടിഞ്ഞ് വീഴുമോ എന്ന ആശങ്കയിലാണ് പരിസരവാസികൾ. ഉറക്കമില്ലാത്ത രാത്രികളിലൂടെയാണ് പരിസരവാസികൾ കടന്നു പോകുന്നത്. കുന്നിടിച്ചിൽ ഭയന്ന പരിസരവാസികളിൽ പലരും ബന്ധുവീടുകളിൽ അഭയം തേടിക്കഴിഞ്ഞു. മഴ ശക്തമാകുമ്പോൾ വൻതോതിൽ മണ്ണ് താഴേക്ക് ഒലിച്ച് ഇറങ്ങുകയും, ഇതിനെ തുടർന്ന് നിരവധി റോഡുകളിൽ ഗതാഗതം സ്‌തംഭിക്കുകയും ചെയ്യുന്ന അവസ്ഥ പോലും ഉണ്ടായി.
മഴ ശക്തമാകുമ്പോൾ സോയിൽ പൈപ്പിംഗ് എന്ന പ്രതിഭാസവും ഇവിടെ വർധിച്ചു വരുന്നതായി ഇവിടം സന്ദർശിച്ച പരിസ്ഥിതി പ്രവർത്തകർ പറയുന്നു. അതുകൊണ്ട് തന്നെ കനത്ത മഴയിൽ കുന്ന് പൂർണമായും ഇടിഞ്ഞ് താഴേക്ക് പതിക്കാനുളള സാധ്യതയും തള്ളികളയാനാവില്ല. പ്രശ്‌നപരിഹാരത്തിന് അടിയന്തര ഇടപെടലാണ് പ്രദേശവാസികളുടെ ആവശ്യം.
Also Read: 'അനധികൃത മനുഷ്യവാസം, ഖനനം; വയനാട് ദുരന്തത്തിന് കാരണക്കാര്‍ സര്‍ക്കാരും': ആരോപണവുമായി കേന്ദ്ര വനം മന്ത്രി