കണ്ണൂർ :വടക്കൻ കേരളത്തിൽ റെയിൽവേ സ്റ്റേഷനുകൾക്ക് അടുത്തെല്ലാം യാത്രക്കാരെ അനുഗ്രഹിച്ച് മുത്തപ്പനുണ്ട്, മുത്തപ്പൻ ക്ഷേത്രവും ഉണ്ട്. കണ്ണൂരിലെ മടപ്പുരയിൽ ആകട്ടെ ആഴ്‌ചയിലെ ഒരു ദിനം അന്നദാനവും. എന്നാല്‍ കണ്ണൂർ ജില്ലയിലെ പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ മുത്തപ്പന് തറവാട് തന്നെയാണ്.
മൂന്ന് ട്രാക്കുകൾ, രണ്ട് പ്ലാറ്റ്‌ഫോമുകൾ... വലിയ സ്റ്റേഷൻ അല്ലെങ്കിലും മുത്തപ്പന്‍ ഐതിഹ്യങ്ങളില്‍ പ്രധാനിയാണ് പഴയങ്ങാടി. ഇവിടെ വർഷങ്ങളായി മുടങ്ങാതെ സ്റ്റേഷനിൽ എത്തി ജീവനക്കാരെയും യാത്രക്കാരെയും തീവണ്ടികളെയും മുത്തപ്പൻ അനുഗ്രഹികാറുണ്ടെണ്ടെന്ന് പറഞ്ഞാൽ ചിലരെങ്കിലും അമ്പരക്കും. മുത്തപ്പൻ കെട്ടിയാടുമ്പോൾ തറവാട്ടിൽ കയറുന്ന ചടങ്ങ് പ്രധാനമാണ് എന്ന് മടയൻ കൂടിയ ഇ പി വിജയൻ പറയുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
25 വർഷം മുമ്പ് അന്നത്തെ സ്റ്റേഷൻ മാസ്റ്റർ, തറവാട്ടിൽ കയറണം എന്ന് നിർദേശിച്ചതോടെയാണ് സ്റ്റേഷനടുത്തുള്ള മുത്തപ്പൻ മടപ്പുരയിൽ കെട്ടിയാടുന്ന മുത്തപ്പനും തിരുവപ്പനും സ്റ്റേഷനിൽ എത്തി അനുഗ്രഹിക്കാൻ തുടങ്ങിയത്. യാത്രക്കാരെയും സ്റ്റേഷൻ ജീവനക്കാരെയും അരിയിട്ട് സ്വീകരിക്കുകയും അരിയിട്ട് യാത്രയാക്കുകയും ചെയ്യും. സ്റ്റേഷനുകൾക്ക് അടുത്ത് മുത്തപ്പൻ മടപ്പുരകളും തെയ്യക്കാവുകളും ഉണ്ടെങ്കിലും പഴയങ്ങാടിയിൽ അല്ലാതെ മറ്റൊരിടത്തും സ്റ്റേഷനുകളിലേക്ക് മുത്തപ്പൻ കയറാറില്ല.
റെയിൽവേ സ്റ്റേഷൻ തറവാട് ആയ കഥ
പഴയങ്ങാടി റെയിൽവേ സ്റ്റേഷനും മുത്തപ്പനും തമ്മിലുള്ള ബന്ധത്തിന് ഏറെ പഴക്കമുണ്ട്. 1920ൽ അന്നത്തെ പള്ളിക്കര റെയിൽവേ സ്റ്റേഷനിൽ, ഇന്നത്തെ ബേക്കൽ ഫോർട്ട് സ്റ്റേഷൻ, മദിരാശിയിൽ നിന്ന് എത്തിച്ച യന്ത്ര സാമഗ്രികൾ ഉടമ വരും മുമ്പേ കാണാതായി. അന്ന് ഒരു ലക്ഷത്തോളം രൂപ വില വരുന്നതായിരുന്നു നഷ്‌ടപ്പെട്ട വസ്‌തുക്കൾ. ഇത് തിരിച്ചു കിട്ടാൻ മുത്തപ്പനെ കെട്ടി ആടിക്കും എന്ന് സ്റ്റേഷൻ മാസ്റ്റർ പ്രാർഥിക്കുന്നു. പിറ്റേന്ന് തന്നെ കടലോരത്ത് നഷ്‌ടമായ വസ്‌തുക്കള്‍ കണ്ടെത്തി എന്ന് പറയപ്പെടുന്നു.