കേരളം

kerala

ETV Bharat / state

ചോദ്യ ശരങ്ങൾക്ക് നടുവിൽ കണ്ണൂർ കലക്‌ടര്‍; അവധിയിലേക്കെന്ന് സൂചന

ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണർ എ ഗീത ഐഎഎസിന്‍റെ നേതൃത്വത്തില്‍ കലക്‌ടറുടെ മൊഴിയെടുക്കുന്നു.

By ETV Bharat Kerala Team

Published : 5 hours ago

ADM NAVEEN BABU DEATH  KANNUR COLLECTOR ARUN K VIJAYAN  കളക്‌ടര്‍ അരുൺ കെ വിജയന്‍  എഡിഎം നവീന്‍ ബാബു
Arun K Vijayan IAS, Naveen Babu (ETV Bharat)

കണ്ണൂര്‍:എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്‌ത സംഭവത്തിൽ കണ്ണൂർ ജില്ല കലക്‌ടർ അരുൺ കെ വിജയന് കുരുക്ക് മുറുകുന്നു. ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണർ എ ഗീത ഐഎഎസിന്‍റെ നേതൃത്വത്തിൽ കലക്‌ടറുടെ മൊഴിയെടുക്കുകയാണ്.

ആറ് കാര്യങ്ങളിലാണ് നിലവിൽ റവന്യൂ വകുപ്പ് അന്വേഷണം നടത്തുന്നത്. അതിനനുസരിച്ചായിരിക്കും എ ഗീത ഐഎഎസ് ചോദിക്കുന്ന ചോദ്യങ്ങളും.
1. എഡിഎം കെ നവീൻ ബാബുവിന്‍റെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ
2. പിപി ദിവ്യ ഉന്നയിച്ച ആരോപണങ്ങൾ
3. പിപി ദിവ്യയുടെ പക്കൽ തെളിവുണ്ടോ
4. NOC നൽകാൻ വൈകിയോ
5. NOC നൽകിയതിൽ അഴിമതിയുണ്ടോ

പ്രാധാന്യം തോന്നുന്ന മറ്റ് ചോദ്യങ്ങളും കലക്‌ടറോട് ചോദിക്കും. പെട്രോൾ പമ്പ് എന്‍ഒസി ഫയൽ പരിശോധനക്ക് സർക്കാർ നിലയാഗിച്ച ഉദ്യോഗസ്ഥയാണ് എ ഗീത ഐഎഎസ്. ആദ്യ ഘട്ടത്തിൽ കണ്ണൂർ കലക്‌ടറുടെ മൊഴിയാണ് രേഖപ്പെടുത്തുന്നത്.

അതിന് ശേഷം എഡിഎമ്മിന്‍റെ ഓഫിസിലുള്ള ഉദ്യോഗസ്ഥരുടെയും മൊഴി ഇന്ന് തന്നെ രേഖപ്പെടുത്താനാണ് സാധ്യത. കലക്‌ടർ നടത്തിയ പ്രാഥമിക അന്വേഷണത്തിന്‍റെ റിപ്പോർട്ടും ചോദ്യം ചെയ്യലിന്‍റെ ഭാഗമാകും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കലക്‌ടറേറ്റിൽ തന്നെ ക്യാമ്പ് ചെയ്‌ത് വിശദമായ റിപ്പോർട്ട് തയ്യാറാക്കാനാണ് അന്വേഷണ സംഘം നിലവിൽ തീരുമാനിച്ചിരിക്കുന്നത്. അതിനിടെ എഡിഎം കെ നവീൻ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിൽ പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കണ്ണൂർ ജില്ല കലക്‌ടർ അരുൺ കെ വിജയൻ വ്യക്തമാക്കി. പരിപാടിയുടെ സംഘാടകൻ താൻ അല്ല, അതുകൊണ്ട് തന്നെ ദിവ്യയെ ക്ഷണിക്കേണ്ട കാര്യമില്ല. യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചത് സ്റ്റാഫ് കൗൺസിലാണ്. പരിപാടി സംഘടിപ്പിച്ച രേഖകൾ പരിശോധിക്കാമെന്നും കലക്‌ടര്‍ പറഞ്ഞു.

ജില്ല പഞ്ചായത്ത് പ്രസിഡന്‍റായ പിപി ദിവ്യയെ തടഞ്ഞാൽ അത് പ്രോട്ടോക്കോൾ ലംഘനമാകുമെന്നും അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പറയാനാവില്ല എന്നുമാണ് അദ്ദേഹത്തിന്‍റെ നിലപാട്. അവധി അപേക്ഷ നൽകിയിട്ടില്ലെന്നും നവീൻ ബാബുവിന്‍റെ കുടുംബത്തിന് കത്ത് നൽകിയത് കുറ്റസമ്മതമല്ല, അവരുടെ ദുഃഖത്തോടൊപ്പം നിൽക്കുകയാണ് ചെയ്‌തത് എന്നും കലക്‌ടർ വ്യക്തമാക്കി.

അതേസമയം കണ്ണൂർ കലക്‌ടർക്കെതിരെ എഡിഎമ്മിന്‍റെ ബന്ധുക്കൾ മൊഴി നൽകി. കലക്‌ടർ - എഡിഎം ബന്ധം സൗഹൃദപരം ആയിരുന്നില്ല. അവധി നൽകുന്നതിൽ കടുത്ത നിയന്ത്രണം ഉണ്ടായിരുന്നു. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ നൽകാൻ വൈകിച്ചു. ഈ വിവരങ്ങൾ നവീൻ കുടുംബാംഗങ്ങളുമായി പങ്കുവച്ചിരുന്നു.

സംസ്‌കാര ചടങ്ങിൽ കണ്ണൂർ കലക്‌ടറെ പങ്കെടുപ്പിക്കാതിരുന്നതിന്‍റെ കാരണവും ഇത് തന്നെയാണെന്നും കുടുംബം മൊഴി നൽകി. നവീന്‍റെ ഭാര്യ രണ്ട് മക്കൾ സഹോദരൻ എന്നിവരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്.

Also Read:കരാറിലെ 'പ്രശാന്ത്' പരാതിയില്‍ 'പ്രശാന്തന്‍' ആയി; ഒപ്പിലും വ്യത്യാസം, എഡിഎമ്മിനെതിരെയുള്ള പരാതി വ്യാജം

ABOUT THE AUTHOR

...view details