കാരുണ്യ കണിയായി മാവൂരിലെ കണിവെളളരികൾ കോഴിക്കോട്: ഈ കണിവെള്ളരിക്ക് ഒരു പ്രത്യേകതയുണ്ട്, ഇത് വെറും കണിവെള്ളരിയല്ല. കാരുണ്യത്തിന്‍റെ കണിവെള്ളരിയാണ്. വിഷുവിന് കണിയൊരുക്കാൻ ഇവിടെ നിന്നും കണിവെള്ളരി എടുക്കുന്നവർ പകരം നൽകുന്ന പണം വെറുതെയാകില്ല. രോഗകിടക്കയിലുള്ളവർക്ക് ഒരു സഹായം കൂടിയാകും.
മാവൂരിലാണ് ഇത്തവണ വേറിട്ട രീതിയിൽ കണിവെള്ളരികൾ വിതരണം ചെയ്യുന്നത്.
പ്രദേശത്തെ ഇരുനൂറോളം കിടപ്പു രോഗികൾക്ക് സാമ്പത്തിക സഹായം നൽകാൻ വേണ്ടിയാണ് ഈ ചെറുപ്പക്കാർ കണിവെള്ളരികൾ വിതരണം ചെയ്യുന്നത്. നന്മ വറ്റാത്ത കർഷകരാണ് സൗജന്യമായി കണിവെള്ളരികൾ ഈ സൽപ്രവർത്തിക്കുവേണ്ടി കൈമാറിയത്.
രണ്ടുദിവസമായി മാവൂർ അങ്ങാടിയിൽ ഇത്തരത്തിൽ കാരുണ്യ കണിവെള്ളരി വിതരണം നടക്കുന്നുണ്ട്. ഇവരുടെ സംഭാവനപ്പെട്ടിയിൽ തുകയിടുമ്പോൾ അവർക്ക് ആവശ്യമുള്ള കണിവെള്ളരികൾ എടുത്തുകൊണ്ടു പോകാം. ഇവരുടെ ഉദ്ദേശ്യശുദ്ധി അറിഞ്ഞ് ഇതുവഴി പോകുന്ന യാത്രക്കാരുൾപ്പെടെ നിരവധി പേരാണ് കാരുണ്യപ്പെട്ടിയിൽ സംഭാവന നൽകിയ ശേഷം കണിവെള്ളരികൾ എടുക്കുന്നത്.
നല്ലൊരു നാളെയെ പ്രതീക്ഷിച്ച് എല്ലാവരും വിഷുപ്പുലരിയിൽ കണികണ്ടുണരുമ്പോൾ മാവൂരിലെ കിടപ്പുരോഗികൾക്കും ആശ്വാസമെത്തും നന്മയുള്ള ഈ കണിവെള്ളരി വിതരണത്തിലൂടെ.
ALSO READ:കണിക്കൊന്ന ചതിച്ചാലും ഇനി 'കണി' കാണാം; വിപണിയില്‍ താരമായി 'ഡ്യൂപ്ലിക്കേറ്റ്' കൊന്നപ്പൂക്കള്‍