വയനാട്:വെള്ളാരംകുന്നിൽ വാനും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ജെൻസന്‍റെ നില അതീവ ഗുരുതരം. കഴിഞ്ഞ ദിവസം കൽപറ്റയിൽ വച്ചുണ്ടായ വാഹാനാപകടത്തിലാണ് ജെൻസന് പരിക്കേറ്റത്. ജെൻസന്‍റെ ജീവൻ നിലനിർത്തുന്നതിനുള്ള എല്ലാ ഉപകരണ സഹായവും നൽകുന്നുണ്ടെന്ന് ഡോക്‌ടർമാർ പറഞ്ഞു. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ എല്ലാവരെയും നഷ്‌ടമായ ശ്രുതിയുടെ പ്രതിശ്രുത വരനാണ് ജെൻസൻ.
കനത്ത മഴയുള്ള സമയത്താണ് അപകടമുണ്ടായത്. ദിശ തെറ്റി എത്തിയ വാൻ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ശ്രുതിയും ജെൻസനും ഉൾപ്പെട്ട വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഇന്നലെ (സെപ്‌റ്റംബർ 10) വൈകുന്നേരമാണ് ജെൻസനും ശ്രുതിയും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്.
കോഴിക്കോട് ബന്ധു വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം. വെള്ളാരം കുന്നിലെ വളവില്‍ വച്ചാണ് അപകടം ഉണ്ടായത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ വാനിന്‍റെ മുന്‍ഭാഗം പൂർണമായും തകർന്നിരുന്നു. വാഹനത്തിന്‍റെ ഒരു ഭാഗം പൊളിച്ചാണ് വാനില്‍ ഉണ്ടായിരുന്ന കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ പുറത്തെടുത്തത്.
'അപകടത്തിന്‍റെ ആഘാതത്തിൽ ചുമയ്ക്കാൻ മാത്രമേ ജെൻസന് കഴിയുന്നുണ്ടായിരുന്നുള്ളൂ. ബാക്കി എല്ലാ തുടിപ്പുകളും അപകടകരമായ നിലയിലായിരുന്നു. മൂക്കിൽ നിന്ന് അനിയന്ത്രിതമായ രക്തസ്രാവമുണ്ടായിരുന്നു. കൂടാതെ തലയോട്ടിക്കകത്തും പുറത്തും രക്തസ്രാവമുണ്ടായിരുന്നു. ഡോക്‌ടർമാർ വളരെയധികം പരിശ്രമിച്ചിട്ടും രക്തസ്രാവം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല. ജെന്‍സൻ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്' - ഡോക്‌ടർ വ്യക്തമാക്കി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും