ആലപ്പുഴ : കലവൂരിൽ വയോധികയെ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ കേസില്‍ പിടിയിലായ പ്രതികളെ ഇന്ന് കേരളത്തിലെത്തിച്ചു. പ്രതികളായ മാത്യൂസ്(38) നെയും ശർമിള (36) നെയും കർണാടകയിലെ മണിപ്പാല്‍ പെറംപള്ളിയിൽ നിന്നാണ് പിടികൂടിയത്. സുഭദ്രയുടെ പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സുഭദ്രയുടെ കഴുത്ത്, കൈ എന്നിവ ഒടിഞ്ഞ നിലയിലായിരുന്നു എന്നാണ് വിവരം. സുഭദ്രയുടെ ശരീരത്തിന്‍റെ രണ്ട് ഭാഗത്തെയും വാരിയെല്ലുകള്‍ പൂർണമായും തകർന്നിട്ടുണ്ട്. ഇടത് കൈ ഒടിച്ച് പിന്നിലേക്ക് വലിച്ചു കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെടുത്തത്.
തീർഥാടന യാത്രക്കിടെയാണ് പ്രതികളിരൊരാളായ ശർമ്മിളയെ സുഭദ്ര പരിചയപ്പെട്ടത്. 63 വയസുകാരിയായ സുഭദ്ര മറ്റൊരു തീർഥാടന യാത്രക്ക് വേണ്ടി ശർമ്മിളയുടെ വീട്ടിലേക്ക് പോയതാവാമെന്ന നിഗമനത്തിലാണ് നിലവിൽ പൊലീസ്. സെപ്റ്റംബർ നാലിന് വീട്ടില്‍ നിന്ന് ഇറങ്ങിയ സുഭദ്രയെ കാണാതായതിനെ തുടർന്ന് സെപ്‌റ്റംബർ 7 ന് മകൻ രാധാകൃഷ്‌ണൻ പൊലീസിന് പരാതി നല്‍കുകയായിരുന്നു.
ക്ഷേത്ര ദർശനത്തിന് പോയ അമ്മ തിരികെ വന്നില്ലെന്നാണ് രാധാകൃഷ്‌ണൻ നൽകിയ പരാതി. സുഭദ്ര ആലപ്പുഴ കലവൂരിൽ കോർത്തുശ്ശേരി ക്ഷേത്രത്തിനു സമീപത്തെ ഒരു വാടകവീട്ടിൽ എത്തിയതായി മനസിലാക്കി. പൊലീസ് സംഘം എത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് കേസ് ഫയൽ തുടരന്വേഷണത്തിനായി സെപ്റ്റംബർ ഏഴിന് ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന് കൈമാറുകയായിരുന്നു. മണ്ണഞ്ചേരി പൊലീസ് നടത്തിയ തുടരന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഫോൺ വിവരങ്ങള്‍ പരിശോധിച്ചപ്പോൾ സുഭദ്ര ആ വാടകവീട് വിട്ടുപോയിട്ടില്ലെന്ന് മനസിലായി.