പത്തനംതിട്ട:പതിവ് തെറ്റാതെ വില്ലാളിവീരനായ മണികണ്‌ഠ സ്വാമിക്ക് മുൻപിൽ കളരിമുറകൾ അവതരിപ്പിച്ച് ചാവക്കാട് വല്ലഭട്ട കളരി സംഘം. കൃഷ്‌ണദാസ് ഗുരുക്കളുടെ നേതൃത്വത്തിൽ 14 അംഗ കളരി അഭ്യാസികളുടെ സംഘമാണ് വടക്കൻ ശൈലിയിലുളള കളരിപ്പയറ്റ് ഭഗവാന് മുന്നിൽ അവതരിപ്പിച്ച് അനുഗ്രഹം തേടിയത്.
കഴിഞ്ഞ 42 വർഷക്കാലമായി തൃശൂർ ചാവക്കാട് വല്ലഭട്ട കളരി സംഘം കളരിപ്പയറ്റ് അവതരിപ്പിക്കുന്നുണ്ട്. ചാവക്കാട് വല്ലഭട്ട കളരി സംഘത്തിലെ ഇപ്പോഴത്തെ പ്രധാനിയായ കൃഷ്‌ണദാസ് ഗുരുക്കളുടെ പിതാവ്, പത്മശ്രീ ശങ്കരനാരായണ മേനോൻ ഗുരുക്കൾ തുടങ്ങിവച്ചത് പുതിയ തലമുറയും മാറ്റംവരുത്താതെ പിന്തുടരുന്നു. തൃശൂർ ജില്ലയിൽ 14 കളരികളുള്ള വല്ലഭട്ടകളരി സംഘത്തിന് കീഴിൽ, 177 പേർ പയറ്റ് മുറകൾ അഭ്യസിച്ച് വരുന്നുണ്ട്.
ഗോവ നാഷണൽ ഗെയിംസ് സ്വർണ മെഡൽ ജേതാക്കളായ അജീഷ്, ഗോകുൽ, ആനന്ദ്, വിനായക്, എന്നിവരും ഖേലോ ഇന്ത്യ ഖേലോ സ്വർണ മെഡൽ ജേതാക്കളായ അഭിനന്ദ്, ഗോകുൽ കൃഷ്‌ണ എന്നിവരടക്കമുള്ള 14 അംഗ അഭ്യാസികളുടെ സംഘമാണ് സന്നിധാനത്തെ ശ്രീധർമ്മശാസ്‌താ ഓഡിറ്റോറിയത്തിൽ പയറ്റ് മുറകൾ പ്രദർശിപ്പിച്ചത്.