കേരളം

kerala

ETV Bharat / state

മുഖ്യമന്ത്രിയേയും മകളെയും രക്ഷിക്കാൻ കെഎസ്ഐഡിസി ജനങ്ങളുടെ പണം ഉപയോഗിക്കുന്നു; കെ സുരേന്ദ്രൻ

സിആർപിഎഫിൻ്റെ കയ്യിലുള്ളത് കളി തോക്കല്ലെന്ന് എം വി ഗോവിന്ദൻ ഓർക്കണമെന്നും കെ സുരേന്ദ്രൻ

K Surendran against KSIDC  Veena Vijayan exalogic case  കെഎസ്ഐഡിസി  കെ സുരേന്ദ്രൻ
K Surendran

By ETV Bharat Kerala Team

Published : Jan 29, 2024, 8:16 PM IST

കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിനിടെ

കണ്ണൂർ:മുഖ്യമന്ത്രിയെയും മകളെയും രക്ഷിക്കാൻ വ്യവസായിക വകുപ്പിന് കീഴിലുള്ള കെഎസ്ഐഡിസി (Kerala State Industrial Development Corporation) ജനങ്ങളുടെ പണം ഉപയോഗിക്കുകയാണെന്ന് എൻഡിഎ സംസ്ഥാന ചെയർമാൻ കെ സുരേന്ദ്രൻ. കേരള പദയയാത്രയോടനുബന്ധിച്ച് കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ. കെഎസ്ഐഡിസി എന്തിനാണ് 25 ലക്ഷം രൂപ ചെലവഴിച്ച് അഭിഭാഷകനെ വച്ച് സിഎംആർഎല്ലിനും എക്‌സാലോജിക്കിനും വേണ്ടി കോടതിയിൽ പോയതെന്ന് ബിജെപി നേതാവ് ചോദിച്ചു.

പിണറായി വിജയൻ്റെ മകളുടെ സ്ഥാപനമാണോ കെഎസ്ഐഡിസി? സ്വന്തം സ്റ്റാൻഡിംഗ് കൗൺസിൽ അഭിഭാഷകൻ ഉള്ളപ്പോൾ ഹൈക്കോടതിയിലെ കേസ് വാദിക്കാൻ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനെ ഇറക്കിയത് ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഭയക്കുവാൻ കാര്യമായി ഉണ്ടെന്നതിന്‍റെ തെളിവാണ്. സിഎംആർഎൽ- എക്‌സാലോജിക്ക് കരാറിൽ അഴിമതി നടന്നെന്ന് വ്യക്തമാണ്.

സിഎംആർഎല്ലിന് കെഎസ്ഐഡിസിയിൽ ഓഹരിയുണ്ട്. മുഖ്യമന്ത്രിയുടെ വ്യവസായ സംരഭത്തിന് പണം കൊടുത്തത് സിഎംആർഎല്ലാണെന്നതും വ്യക്തമാണ്. അതുകൊണ്ട് മാസപ്പടിയിൽ മുഖ്യമന്ത്രിയേയും മകളേയും രക്ഷിക്കാനാണ് കെഎസ്ഐഡിസി വെപ്രാളം കാണിക്കുന്നത്.

ജനങ്ങൾക്ക് ലഭിക്കേണ്ട പണം നേടിയെടുക്കുവാൻ കേസ് നടത്താൻ തയ്യാറാവാത്ത, പാവപ്പെട്ടവരുടെ ക്ഷേമ പെൻഷൻ നൽകാത്ത സർക്കാർ പിണറായിയുടെ മകൾക്ക് വേണ്ടി ഖജനാവിലെ പണം ഉപയോഗിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. പാലക്കാട് പ്ലീനത്തിൽ സിപിഎം നേതാക്കളുടെ മാത്രമല്ല ബന്ധുക്കളുടേയും സ്വത്തും സമ്പാദ്യവുമെല്ലാം ഓഡിറ്റിന് വിധേയമാണെന്നാണ് സിപിഎം തീരുമാനിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ പല നേതാക്കൾക്കുമെതിരെ നടപടിയെടുക്കുകയും ചെയ്‌തു.

എന്തുകൊണ്ടാണ് മറ്റു നേതാക്കൾക്കില്ലാത്ത ആനുകൂല്യം പിണറായി വിജയന് മാത്രം ലഭിക്കുന്നത്? എംവി ഗോവിന്ദൻ പിണറായി വിജയൻ്റെ അടിമക്കണ്ണാണെന്നും സുരേന്ദ്രൻ പരിഹസിച്ചു. രാഷ്‌ട്രീയ നേതാക്കൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കും കരിമണൽ കമ്പനി മാസപ്പടിയായി നൽകിയിട്ടുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.

ഇത് നിസാര കേസല്ല. ഈ കേസ് തെളിയുന്നതോടെ കേരളത്തിലെ ഇടത്-വലത് നേതാക്കളുടെ യഥാർഥ മുഖം പുറത്തുവരും. സർക്കാർ ഉദ്യോഗസ്ഥൻമാർ പിണറായി വിജയൻ്റെ അടിമ പണി ചെയ്‌താൽ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരൻ്റെ ഗതി വരും.

സിആർപിഎഫ് വന്നാലും ഗവർണറെ വിടില്ലെന്നാണ് ഗോവിന്ദൻ പറയുന്നത്. ഗവർണറെ ആക്രമിക്കാൻ വന്നാൽ എന്താ നടക്കുകയെന്ന് പോലും ഗോവിന്ദന് അറിയില്ലേ എന്നും സുരേന്ദ്രൻ ചോദിച്ചു. സിആർപിഎഫിൻ്റെ കയ്യിലുള്ളത് കളി തോക്കല്ലെന്ന് ഗോവിന്ദൻ ഓർത്താൽ നല്ലതാണ്. കേരളത്തിലെ അഴിമതിയും ഭരണസ്‌തംഭനവും മറക്കാനാണ് സിപിഎം ഗവർണറെ ആക്രമിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈറ്റില്ലമായ കണ്ണൂരിൽ പോലും അവർ രാഷ്‌ട്രീയ മൂല്യച്ച്യുതി നേരിടുകയാണ്. ഗവർണറെ ആക്രമിക്കാനുള്ള അവസരമുണ്ടാക്കുന്നത് പൊലീസാണെന്നും അതാണ് കേന്ദ്രം സിആർപിഎഫ് സുരക്ഷ അനുവദിച്ചതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ജില്ലാ അധ്യക്ഷൻ എൻ ഹരിദാസൻ, സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത്, സജി ശങ്കർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ABOUT THE AUTHOR

...view details