തിരുവനന്തപുരം: അങ്ങനെയൊന്നും പറഞ്ഞു വിടാൻ കഴിയുന്ന ആളല്ല താനെന്ന കാര്യം പാർട്ടിയിൽ എല്ലാവർക്കും അറിയാമെന്ന് കെ സുധാകരൻ. കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലെത്തി പ്രസിഡന്‍റായി വീണ്ടും ചാർജെടുത്ത ശേഷമായിരുന്നു പ്രതികരണം. പ്രസിഡന്‍റായി ചുമതല തിരികെ ഏറ്റെടുക്കുമ്പോൾ ആക്‌ടിങ് പ്രസിഡന്‍റ് ഉണ്ടാകേണ്ട കാര്യമില്ലെന്നും ചുമതലയേറ്റ ശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ കെ സുധാകരൻ പറഞ്ഞു.
പാർട്ടിക്കകത്ത് വിവാദങ്ങളില്ല. എഐസിസി തീരുമാന പ്രകാരമാണ് താൻ ഇവിടെ ഇരിക്കുന്നത്. ഹസ്സന്‍റെ സാന്നിധ്യം ആവശ്യമായിരുന്നു. വ്യക്തികൾക്കനുസരിച്ച് രീതികൾ മാറും. പരാതികൾ പാർട്ടിക്കകത്ത് ചർച്ച ചെയ്യും. മാധ്യമങ്ങളിൽ ചർച്ച ചെയ്യേണ്ട കാര്യമല്ല.
മത്സരിക്കുന്നത് കൊണ്ടല്ല പ്രസിഡന്‍റ് സ്ഥാനത്തിൽ മാറ്റം വന്നത്. സ്ഥാനാർഥി ആയിരിക്കെ 20 മണ്ഡലങ്ങളിലെയും കാര്യങ്ങൾ നോക്കാൻ കഴിയാതിരുന്നത് കൊണ്ടാണ്. താത്കാലിക പ്രസിഡന്‍റ് എടുത്ത തീരുമാനങ്ങളിൽ പരാതി ഉള്ളവ പുനഃപരിശോധിക്കും.