തിരുവനന്തപുരം: വടക്കന്‍ ജില്ലകൾ ഉള്‍പ്പെടെ അരലക്ഷത്തില്‍പ്പരം വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റില്ലാതെ നെട്ടോട്ടമോടുകയാണെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരന്‍. സര്‍ക്കാരിൻ്റെ അശാസ്ത്രീയ സീറ്റ് പരിഷ്‌ക്കരണ നയം കാരണം ഏറെ ദുരിതം അനുഭവിക്കുന്നത് പാവപ്പെട്ട കുടുംബത്തിലെ കുട്ടികളാണ്. കുട്ടികളുടെ വര്‍ധനവിന് അനുസരിച്ച് ബാച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് പകരം സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനവും എയ്‌ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവും സീറ്റുകളാണ് വര്‍ധിപ്പിക്കുന്നത്.
ഇതിൻ്റെ ഫലമായി ക്ലാസ് മുറികളില്‍ 65 ലധികം വിദ്യാര്‍ഥികള്‍ തിങ്ങിനിറഞ്ഞ് ഇരുന്ന് പഠിക്കേണ്ട ഗതികേടാണ്. ഇത് കുട്ടികളുടെ പഠനത്തെ ബാധിക്കും. ഉന്നത വിദ്യാഭ്യാസത്തിനുള്ള മത്സരപരീക്ഷകളില്‍ നമ്മുടെ കുട്ടികളില്‍ പലരും പരാജയപ്പെടുന്നത് ഹയര്‍ സെക്കൻ്ററി തലത്തിലെ വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാര തകര്‍ച്ച കൊണ്ടാണ്. അതിൻ്റെ പൂര്‍ണ്ണ ഉത്തരവാദി പിണറായി സര്‍ക്കാരാണ്.
പത്താം ക്ലാസില്‍ വിജയ ശതമാനം ഉയര്‍ന്നുവെന്ന് മേനിനടിക്കുന്ന സര്‍ക്കാര്‍ അത്രയും കുട്ടികള്‍ക്ക് പഠിക്കാനുള്ള സാഹചര്യം ഒരുക്കുന്നതില്‍ ഗുരുതരമായ അലംഭാവമാണ് കാട്ടുന്നത്. 2010ന് ശേഷം ഏറ്റവും മോശം റിസള്‍ട്ടാണ് ഇത്തവണത്തെ പ്ലസ് ടു ഫലത്തിലുണ്ടായത്. കഴിഞ്ഞ വര്‍ഷം 82.95 ശതമാനം വിജയം ഉണ്ടായപ്പോള്‍ ഇത്തവണ അത് 78.69 ശതമാനമായി കുറഞ്ഞു. ഇതിൻ്റെ കാരണം അടിയന്തരമായി കണ്ടെത്തി പരിഹരിക്കുന്നതിന് പകരം അനാവശ്യ വാശിയാണ് സര്‍ക്കാരിൻ്റെ ഭാഗത്ത് നിന്നുള്ളത്.
യുഡിഎഫ് സര്‍ക്കാരിൻ്റെ കാലത്ത് ക്ലാസ് റൂമിലെ പരമാവധി കുട്ടികളുടെ എണ്ണം 50 ആക്കിയിരുന്നു. എന്നാല്‍ തുടര്‍ന്ന് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഓരോ വര്‍ഷവും 30 ശതമാനത്തിൻ്റെ സീറ്റ് വര്‍ധനവ് വരുത്തിയപ്പോള്‍ ഓരോ ക്ലാസുകളിലേയും കുട്ടികളുടെ എണ്ണം വര്‍ധിച്ചു. ഇത് വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരത്തെ ബാധിച്ചു. അതിൻ്റെ പ്രതിഫലനമാണ് ഇത്തവണത്തെ പ്ലസ് ടു റിസര്‍ട്ടിലുണ്ടായത്.
അണ്‍ എയ്‌ഡഡ് സ്‌കൂളുകളുടെ സീറ്റുകളും ചേര്‍ത്താണ് സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകളില്‍ പ്രതിസന്ധിയില്ലെന്ന വാദം സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. പ്ലസ് വണ്‍ പഠനത്തിന് ആവശ്യത്തിന് സീറ്റുകളില്ലാതെ ഏറെ കഷ്‌ടപ്പെടുന്നത് മലബാര്‍ മേഖലയില്‍ നിന്നുള്ള കുട്ടികളാണ്. മലപ്പുറം ജില്ലയില്‍ 79730 പേര്‍ എസ് എസ് എല്‍ സി പരീക്ഷ വിജയിച്ചപ്പോള്‍ അലോട്ട്മെൻ്റിന് പരിഗണിക്കുന്ന സര്‍ക്കാര്‍, എയ്‌ഡഡ് സ്‌കൂളുകളിലെ സീറ്റുകളുടെ എണ്ണം 59690 മാത്രമാണ്. അതായത് ആ ജില്ലയില്‍ മാത്രം 20,040 സീറ്റുകളുടെ കുറവുണ്ട്.