തൃശൂർ:ചെറുതുരുത്തിയിലുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് മർദ്ദനമേറ്റ സംഭവത്തില്‍ തിരിച്ചടി നൽകുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. സംഘർഷത്തിൽ പരിക്കേറ്റ പ്രവർത്തകനെ വീഡിയോ കോളിൽ വിളിച്ചാണ് അദ്ദേഹം തിരിച്ചടി നൽകാമെന്ന ഉറപ്പ് നൽകിയത്. നിഷാദ് തലശേരി എന്ന പ്രവർത്തകനെയാണ് സുധാകരൻ വിളിച്ചത്.
‘ബേജാറാവണ്ട കേട്ടോ, നല്ല കരുത്തോടെ നിൽക്ക്, ഞാൻ വന്നിട്ട് തിരിച്ചടിക്കാം’ എന്നാണ് സുധാകരൻ നിഷാദിനോട് പറയുന്നത്. സംഭവസ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നിട്ടും അവർ അതിൽ ഇടപെട്ടില്ലെന്നും നിഷാദ് സുധാകരനോട് പറഞ്ഞു. ഉടൻ തന്നെ നിഷാദിനെ കാണാൻ എത്തുമെന്നും, ഇതിനെതിരെ ശബ്‌ദമുയർത്തുമെന്നും കെ സുധാകരൻ പറഞ്ഞു.
ചെറുതുരുത്തി കൊച്ചിൻ പാലത്തിന് സമീപം ഇന്നലെ (നവംബർ 1) വൈകിട്ടോടെയായിരുന്നു സംഭവം. ചെറുതുരുത്തിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്താനൊരുങ്ങിയ തെരഞ്ഞെടുപ്പ് പ്രചാരണം വള്ളത്തോൾ നഗർ പഞ്ചായത്തിലെ ഇടതുപക്ഷാംഗങ്ങൾ ചോദ്യം ചെയ്‌തതിനെത്തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും വള്ളത്തോൾനഗർ പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ നിഷാദ്, ഷമീർ എന്നിവർക്കാണ് മർദനമേറ്റത്.