കേരളം

kerala

ETV Bharat / state

'പാര്‍ട്ടിക്ക് കാവലിരിക്കുന്ന ദുര്‍ഭൂതമാണ് പിണറായി, കാരണഭൂതനെ കൈവിടാത്തത് ലാഭവിഹിതം പറ്റിയവര്‍': കെ സുധാകരന്‍ - Sudhakaran Criticizes Pinarayi - SUDHAKARAN CRITICIZES PINARAYI

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ രംഗത്ത്. എല്‍ഡിഎഫിന്‍റെ ദയനീയ പരാജയത്തിന് കാരണം പിണറായിയെന്നും കുറ്റപ്പെടുത്തല്‍. എംവി ഗോവിന്ദന്‍ മുഖ്യമന്ത്രിയുടെ പണപ്പെട്ടിയുടെ സൂക്ഷിപ്പുകാരനെന്നും സുധാകരന്‍.

KPPCC president K SUDHAKARAN  പിണറായിയെ വിമര്‍ശിച്ച് സുധാകരന്‍  പിണറായിക്കെതിരെ കെ സുധാകരന്‍  K Sudhakaran Criticized CM
K Sudhakaran (ETV Bharat)

By ETV Bharat Kerala Team

Published : Jun 21, 2024, 6:20 PM IST

തിരുവനന്തപുരം: ആത്മാവ് നഷ്‌ടപ്പെട്ട പാര്‍ട്ടിയുടെ അസ്ഥികൂടത്തിന് കാവലിരിക്കുന്ന ദുര്‍ഭൂതമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. അണികള്‍ ചോരയും നീരയും നല്‍കി കെട്ടിപ്പെടുത്ത പ്രസ്ഥാനത്തിന്‍റെയും ഭരണത്തിന്‍റെയും തലപ്പത്തിരിക്കുന്നവര്‍ ചീഞ്ഞുനാറുന്നത് സിപിഎമ്മിലെ തിരുത്തല്‍ യജ്ഞക്കാര്‍ കണ്ടില്ലെന്ന് നടിച്ചെന്നും അദ്ദേഹം. വാര്‍ത്താക്കുറിപ്പിലാണ് മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍റെ രൂക്ഷ വിമര്‍ശനം.

ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ യഥാര്‍ഥ പരാജയ കാരണങ്ങളിലേക്ക് കടക്കാതെ മുഖ്യമന്ത്രി പിണറായി വിജയന് സംരക്ഷണം ഒരുക്കാനുമാണ് തിരുത്തല്‍ യജ്ഞം നടത്തിയത്. ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തില്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ യഥാര്‍ഥ തിരുത്തല്‍ പ്രക്രിയയ്ക്ക് തുടക്കം കുറിക്കണമെന്നും അത് പിണറായില്‍ നിന്നായിരിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

എല്‍ഡിഎഫിന്‍റെ ദയനീയ പരാജയത്തിന്‍റെ കാരണഭൂതന്‍ മുഖ്യമന്ത്രിയാണെന്നാണ് സിപിഐയുടെയും സിപിഎമ്മിന്‍റെയും ജില്ലാ യോഗങ്ങള്‍ വരെ ചൂണ്ടിക്കാട്ടിയത് ചര്‍ച്ചയ്‌ക്കെടുക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ എകെജി സെന്‍ററിന് കാവല്‍ നിന്നു. മുഖ്യമന്ത്രിയെ കത്തുന്ന സൂര്യനെ പോലെ കരുതുന്ന ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എന്നതിനേക്കാള്‍ പിണറായി വിജയന്‍റെ പണപ്പെട്ടിയുടെ സൂക്ഷിപ്പുകാരന്‍ എന്ന നിലയിലേക്ക് തരംതാണു. പാര്‍ട്ടിയില്‍ നിന്ന് അടപടലം വോട്ട് മറിഞ്ഞിട്ടും തിരുത്തലിന് തയാറാകാതെ കാരണഭൂതനെ കൈവിടാതെ ചുമക്കുന്നത് ലാഭ വിഹിതം പങ്കുപറ്റിയവരാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

തലനാരിഴ കീറി പരാജയ കാരണങ്ങള്‍ പരിശോധിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും പതിവുപോലെ കേന്ദ്രത്തെയും ചില സംഘടനകളെയും വിഭാഗങ്ങളെയുമൊക്കെ കുറ്റപ്പെടുത്തി തലയൂരി. തോല്‍വിയുടെ യഥാര്‍ഥ കാരണമായ മുഖ്യമന്ത്രിയുടെ ധിക്കാരം, അഴിമതി, ആര്‍ഭാടം, വിദേശ യാത്രകള്‍, ജനങ്ങളോടുള്ള പുച്‌ഛം തുടങ്ങിയവയൊന്നും ചര്‍ച്ചയ്ക്ക് വരാതെ പാര്‍ട്ടി സെക്രട്ടറി സംരക്ഷിച്ചു. പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ നടക്കുന്ന ബോംബ് നിര്‍മാണവും ബോംബ് സ്‌ഫോടനവുമൊക്കെ പാര്‍ട്ടി മാത്രം കാണുന്നില്ല. അതിനെതിരെ രംഗത്തുവരുന്ന സ്ത്രീകളെപ്പോലും ഭീഷണിപ്പെടുത്തുന്നു. എസ്എഫ്‌ഐ ഗുണ്ടകളുടെ ആക്രമണത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ട സിദ്ധാര്‍ഥിനെപ്പോലുള്ളവരുടെ നിലവിളി കേള്‍ക്കാന്‍ സിപിഎമ്മിന് കഴിയുന്നില്ല.

രാഹുല്‍ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി നടത്തിയ ക്രൂരമായ പരാമര്‍ശങ്ങള്‍ പോലും തിരുത്താന്‍ തയാറല്ല. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പിണറായിയെ പിന്തുണച്ച ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനിയെ വിവരദോഷിയെന്ന് പിണറായി വിജയന്‍ വിളിച്ചത് 19 സീറ്റില്‍ തോറ്റതിന് ശേഷമാണ്. ഇതേ രീതിയിലാണ് 99 സീറ്റില്‍ ജയിപ്പിച്ചുവിട്ട ജനങ്ങളോടുള്ള പെരുമാറ്റമെന്നും ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ സിപിഎമ്മിന്‍റെ ശവക്കുഴി തോണ്ടുമെന്നും സുധാകരന്‍ പറഞ്ഞു.

Also Read:'പെന്‍ഷനില്‍ കൃതൃത പുലര്‍ത്താനാകാത്തത് അടക്കം തിരിച്ചടിയായി': തെരഞ്ഞെടുപ്പ് പരാജയ കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് എംവി ഗോവിന്ദന്‍

ABOUT THE AUTHOR

...view details