കണ്ണൂർ: കല്യാശേരി കള്ളവോട്ടിൽ സിപിഎമ്മിനെ കടന്നാക്രമിച്ച് കണ്ണൂരിലെ യുഡിഫ് സ്ഥാനാർഥി കെ സുധാകരൻ. സിപിഎമ്മിനെ എനിക്ക് അറിയും പോലെ മറ്റാർക്കും അറിയില്ല. അവർ പഠിച്ച പണിയേ ചെയ്യൂ. കള്ളവോട്ടും അക്രമവും അവരുടെ സ്വഭാവമാണ്, അത് മാറ്റൻ അവർക്ക് പറ്റില്ല. ദൈവത്തിന് പോലും അവരെ രക്ഷിക്കാൻ കഴിയില്ലെന്നും സുധാകരൻ പരിഹസിച്ചു.
85 വയസിനു മുകളിലുള്ളവർക്ക് വോട്ടെടുപ്പ് നടക്കുമ്പോൾ കോൺഗ്രസിന്‍റെ ബൂത്ത് ഏജന്‍റുമാരെ അറിയിക്കുന്നില്ല എന്നതാണ് വാസ്‌തവം. ഇടത് ഉദ്യോഗസ്ഥർ രാഷ്ട്രീയം കളിക്കുകയാണ്. കള്ളവോട്ടിൽ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തു എന്ന് പറയുന്നത് ആശ്വാസമാണ്. പ്രായമുള്ളവരുടെ വോട്ടെടുപ്പ് 100% സുരക്ഷിതമാക്കണം.
പക്ഷേ ഇത് ഇടത് ഉദ്യോഗസ്ഥർ കള്ള വോട്ട് ചെയ്യാൻ കൂട്ടുനിൽക്കുകയാണ്. വീട്ടിലെ വോട്ട് സിപിഎം ദുരുപയോഗം ചെയ്യുന്നു എന്നും കെ സുധാകരൻ കുറ്റപ്പെടുത്തി. ഇതെപ്പോഴാണ് തുടങ്ങിയതെന്ന് ഓർക്കേണ്ടതുണ്ട്. യുഡിഎഫ് 20 സീറ്റും വാങ്ങും എന്ന് പല റിപ്പോർട്ടുകളും പുറത്തുവന്നു അപ്പോഴാണ് സിപിഎം ഇത്തരം കള്ളവോട്ടുമായി ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് ആരെങ്കിലും ബോംബ് പൊട്ടിക്കുമോ എന്നും സുധാകരൻ ചോദിച്ചു. ശൈലജ ടീച്ചർക്കെതിരെ സൈബർ ആക്രമണം ഉണ്ടായിട്ടുണ്ടെങ്കിൽ അത് തികച്ചും അപലപനീയമാണ്. പക്ഷേ അതിൽ ശരിയും തെറ്റും ഉണ്ടോ എന്ന് കണ്ടെത്തണം. ഇതുവരെ അത്തരമൊരു ആരോപണം തെളിയിക്കാൻ പറ്റിയിട്ടില്ല എന്നും ആദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ:കാസർകോട്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം ; 92കാരിയുടെ വോട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി രേഖപ്പെടുത്തി, ദൃശ്യം പുറത്ത്