തിരുവനന്തപുരം : മാസപ്പടി കേസിലെ ഹൈക്കോടതി വിധിയിലൂടെ നുണകോട്ടകൾ തകർന്നു വീഴുകയാണെന്നും തന്‍റെ കൈകള്‍ ശുദ്ധമാണെന്നും മടിയില്‍ കനമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനി പറഞ്ഞാല്‍ ജനം പത്തലെടുക്കുമെന്നും പരിഹസിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം തുടരാമെന്ന ബെംഗളൂരു ഹൈക്കോടതിയുടെ വിധി പിണറായി വിജയന്‍ കെട്ടിപ്പൊക്കിയ നുണക്കൊട്ടാരത്തിന്‍റെ അടിവേരു മാന്തി. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറിയും പോളിറ്റ്ബ്യൂറോയും ഉള്‍പ്പെടെ സകലരും ഇതില്‍ കൂട്ടുപ്രതികളാണ്.
കേരളത്തിന്‍റെ കരയും കടലും കവര്‍ന്നെടുക്കുന്നതിനു പിണറായിക്കു കിട്ടിയ പണത്തിന്‍റെ വലിയൊരളവ് ദേശീയ തലത്തിലേക്കു മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അഴിമതിയില്‍ മുങ്ങിത്താഴുന്ന പിണറായി വിജയനെ ഇനിയും താങ്ങണോയെന്ന് സിപിഎമ്മും എല്‍ഡിഎഫ് ഘടകകക്ഷികളും ആലോചിക്കണം. പിണറായി വിജയന്‍റെ മകളുടെ എക്‌സാലോജിക് കമ്പനി കരിമണല്‍ ഖനന കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയതിന് തെളിവുണ്ടെന്നും ഇത് അതീവ ഗുരുതരമായ സാമ്പത്തിക കുറ്റമാണെന്നുമാണ് വിധിയില്‍ നിന്ന് മനസിലാക്കേണ്ടത്.
കേരളത്തിന്‍റെ തീരവും അവിടെ അമൂല്യമായ കരിമണലും മുഖ്യമന്ത്രിയുടെ ഒത്താശയോടെ കടത്തിക്കൊണ്ടുപോകാന്‍ കൂട്ടുനിന്നതിന് കാലം നല്‍കുന്ന തിരിച്ചടിയാണിത്. സിപിഎമ്മിനെ ദേശീയതലത്തില്‍ പിടിച്ചുനിര്‍ത്തുന്നത് കേരളത്തില്‍ നിന്ന് ഒഴുകിയെത്തുന്ന കൂറ്റന്‍ ഫണ്ടാണ്. കരിമണല്‍ കമ്പനിക്കുവേണ്ടി മുഖ്യമന്ത്രി ഇടപെട്ടതിന്‍റെ വ്യക്തമായ തെളിവുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസിന്‍റെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ പുറത്തുവിട്ടിരുന്നു. അതെല്ലാം ശരിയാണെന്നു വന്നിരിക്കുകയാണ്. 2016 ഡിസംബര്‍ മുതല്‍ മാസം അഞ്ച് ലക്ഷം രൂപ വീതവും 2017 മാര്‍ച്ച് മുതല്‍ മാസം മൂന്നു ലക്ഷം രൂപ വീതവും എക്‌സാലോജിക്കിന് മാസപ്പടി ലഭിച്ചു. മൊത്തം 2.72 കോടി രൂപ എക്‌സാലോജിക്കിലെത്തി.