തൃശൂര്‍:പൂങ്കുന്നത്തെ മുരളീമന്ദിരത്തിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ബിജെപി അംഗത്വം നൽകിയ പത്മജ വേണുഗോപാലിന്‍റെ നടപടിക്കെതിരെ കെ മുരളീധരന്‍ എംപി രംഗത്ത്. പത്മജയുടേത് തരം താഴ്ന്ന രാഷ്ട്രീയ പ്രവൃത്തിയാണ്. അമ്മ മരിച്ചതിന്‍റെ ഓര്‍മ ദിനമായ ഇന്ന് രാഷ്ട്രീയമായ ഒരു കാര്യത്തിന് ഉപയോഗിച്ചത് ശരിയായില്ല. ഇത് ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അമ്മയുടെ കര്‍മ്മങ്ങള്‍ നടക്കുന്ന ദിവസം ഇത്തരം ഒരു രാഷ്ട്രീയ പരിപാടി സ്വീകരിച്ചത് തരംതാണ നടപടിയെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി.
എന്നും കോണ്‍ഗ്രസായിരുന്ന അച്‌ഛന്‍റെ നിഴല്‍ പറ്റി മാത്രം ജീവിച്ച ഒരാളായിരുന്നു അമ്മ. വീട്ടില്‍ വരുന്ന എല്ലാവരെയും സ്വീകരിച്ച വ്യക്തിയായിരുന്നു അമ്മ. അച്‌ഛന്‍ രാഷട്രീയ പ്രവര്‍ത്തനം നടത്തുമ്പോഴും ഒരു അല്ലലും അറിയിക്കാതെ ഞങ്ങളെ പോറ്റി വളര്‍ത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അന്ന് തൃശൂരിലെ ഐഎന്‍ടിയുസി തൊഴിലാളികള്‍ ചുമടെടുത്ത് കൊണ്ടുവന്നു തരുന്ന പണം ഉപയോഗിച്ചായിരുന്നു ഞങ്ങള്‍ കഴിഞ്ഞിരുന്നത്. അമ്മ ഒരിക്കലും രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെട്ടിരുന്നില്ല. അച്‌ഛന്‍റെ നിഴലായി നടന്ന അമ്മയുടെ ഓര്‍മ്മ ദിനത്തില്‍ ഇത്തരമൊരു കാര്യം അവര്‍ ചെയ്‌തതില്‍ എനിക്ക് ദുഃഖമുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.
മുരളീമന്ദിരമെന്ന കെട്ടിടം എനിക്ക് വേണ്ട. എന്നാല്‍ എന്‍റെ അച്‌ഛനും അമ്മയും ഉറങ്ങുന്ന സ്ഥലം ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ സംഘികള്‍ക്ക് വിട്ടുകൊടുക്കില്ല. ഇങ്ങനെ ഒരു നിലപാട് എടുത്തിരുന്നില്ലെങ്കില്‍ ഞാന്‍ സ്വയം ആ വീടിന്‍റെ അവകാശം അവര്‍ക്ക് എഴുതി കൊടുക്കുമായിരുന്നു.
എനിക്ക് ഇന്ന് അത്യാവശ്യം ജീവിക്കാനുള്ള സ്വത്തുണ്ട്. പാര്‍ലമെന്‍റിലും നിയമസഭയിലും നിന്ന് കിട്ടുന്ന പെന്‍ഷനുമുണ്ട്. അതുകൊണ്ട് ഏതെങ്കിലും കെട്ടിടം വേണ്ട ആവശ്യമില്ല. എന്നാല്‍ എന്‍റെ അച്‌ഛനും അമ്മയും ഉറങ്ങുന്ന സ്ഥലം ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ സംഘികള്‍ക്ക് വിട്ടുകൊടുക്കില്ല. സംഘികളുടെ മുദ്രാവാക്യം കേള്‍ക്കേണ്ട അവസ്ഥയൊന്നും കെ കരുണാകരനില്ല. അല്ലെങ്കിലും അച്‌ഛന്‍റെ ആത്മാവിന് നിരക്കുന്ന കാര്യമല്ലല്ലോ ഇത്. പാര്‍ട്ടി ഒരു യുദ്ധമുഖത്ത് നില്‍ക്കുമ്പോള്‍ ശത്രു പാളയത്തിന് ഒറ്റിക്കൊടുക്കുന്നത്, അത് നടന്നില്ലെങ്കിലും അച്‌ഛന്‍റെ ആത്മാവ് പൊറുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.