കേരളം

kerala

ETV Bharat / state

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാമെന്ന് ഹൈക്കോടതി; സജിമോന്‍ പാറയിലിന്‍റെ ഹര്‍ജി തള്ളി - hema committee report - HEMA COMMITTEE REPORT

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ സിനിമ മേഖലയിലെ സ്‌ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രൂപീകരിച്ച സമിതിയാണ് ജസ്റ്റിസ് ഹേമകമ്മിഷന്‍.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്  സജിമോന്‍ പാറയില്‍  HC on hema committee report  actress attack case
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാമെന്ന് ഹൈക്കോടതി (ETV Bharat)

By ETV Bharat Kerala Team

Published : Aug 13, 2024, 2:47 PM IST

Updated : Aug 13, 2024, 4:01 PM IST

എറണാകുളം:ചലച്ചിത്ര മേഖലയിലെ സ്‌ത്രീകളുടെ പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടാമെന്ന് ഹൈക്കോടതി. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമാതാവായ സജിമോൻ പറയില്‍ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് വി.ജി അരുണിന്‍റെ ഉത്തരവ്. റിപ്പോര്‍ട്ടിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് വിവരാവകാശ കമ്മിഷനെ സമീപിച്ചവർക്ക് ഇത് കൈമാറാനുള്ള സമയം ഒരാഴ്‌ച കൂടി കോടതി നീട്ടി നൽകുകയും ചെയ്‌തു.

റിപ്പോർട്ട്‌ ഹർജിക്കാരനെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. റിപ്പോർട്ട് പുറത്തു വിടുന്നത് സിനിമ വ്യവസായ മേഖലയെ ബാധിക്കുമെന്ന് മാത്രമാണ് ഹർജിയിൽ പറയുന്നത്. വ്യക്തികളുടെ സ്വകാര്യത പുറത്തുപോവാതിരിക്കാൻ ആവശ്യമായ നിർദേശങ്ങൾ കമ്മീഷൻ റിപ്പോർട്ടിൽ ഉൾപെടുത്തിയിട്ടുണ്ടെന്നും ഹർജി തള്ളവെ കോടതി വ്യക്തമാക്കി.

വിശദമായി വാദം കേട്ട ശേഷമാണ് ഹൈക്കോടതിയുടെ വിധി പ്രസ്‌താവം. ഹർജിയിൽ ഡബ്ല്യൂ.സി.സി, സംസ്ഥാന വനിതാ കമ്മീഷൻ തുടങ്ങിയവരെ കക്ഷി ചേർത്ത കോടതി, ഇരുവരുടെയും വാദവും കേട്ടിരുന്നു. റിപ്പോർട്ട് പുറത്തു വിടരുതെന്ന ഹർജിക്കാരന്‍റെ ആവശ്യം സംശയാസ്‌പദമെന്നായിരുന്നു ഡബ്യൂ.സി.സിയുടെ വാദം.

സിനിമ മേഖലയിലെ വനിതകളുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുവാൻ സർക്കാരിനൊരു മാർഗരേഖയാണ് റിപ്പോർട്ടെന്ന് വനിത കമ്മീഷനും വാദിച്ചു. റിപ്പോർട്ടിൻ്റെ സംഗ്രഹ ഭാഗവും, ശുപാർശയും പുറത്ത് വിടണമെന്നാണ് കമ്മീഷന്‍റെ ആവശ്യം. എന്നാൽ റിപ്പോർട്ട് പുറത്തുവിടുന്നത് കമ്മിറ്റിക്ക് മുൻപിൽ മൊഴി നൽകിയവരുടെയടക്കം സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണെന്നും, അതിനാൽ അനുവദിക്കരുതെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ ഒഴിവാക്കിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ ഉത്തരവിട്ടതെന്ന് വിവരാവകാശ കമ്മീഷനും ഹൈക്കോടതിയിൽ വാദമുന്നയിച്ചിരുന്നു. റിപ്പോർട്ട് പുറത്തുവിട്ടാൽ തന്‍റെയടക്കം സ്വകാര്യതയെ ബാധിക്കും എന്നായിരുന്നു ഹർജിക്കാരന്‍റെ വാദം. റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ പൊതുതാല്‍പര്യമില്ല.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പേരുള്ളവരുടെ ഭാഗം കേള്‍ക്കാതെയാണ് പുറത്ത് വിടാനുള്ള തീരുമാനം. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് സ്വാഭാവിക നീതിക്ക് എതിരെന്നും ഹര്‍ജിക്കാരൻ വാദമുന്നയിച്ചിരുന്നു. ചലച്ചിത്ര മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങൾ പഠിച്ച ജസ്റ്റിസ് കെ.ഹേമ കമ്മീഷന്‍റെ റിപ്പോർട്ട് സ്വകാര്യത സംബന്ധിച്ച വിവരങ്ങൾ ഒഴിവാക്കി പുറത്തു വിടണമെന്ന സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹർജി.

റിപ്പോർട്ട് പുറത്തു വിടാൻ വെറും ഒരു മണിക്കൂർ ശേഷിക്കെയായിരുന്നു ജൂലൈ 24 ന് ഹൈക്കോടതി നേരത്തെ താൽക്കാലിക സ്റ്റേ ഉത്തരവിറക്കിയത്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സിനിമ മേഖലയിലെ സ്‌ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയമിച്ചത്.

Also Read:ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട്: ഇത് ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ പ്രതിച്ഛായ തകർക്കുമോ? പരിശോധിക്കാം

Last Updated : Aug 13, 2024, 4:01 PM IST

ABOUT THE AUTHOR

...view details