ആലപ്പുഴ: നാലാം തൂണായ മാധ്യമങ്ങളാണ് ജനാധിപത്യത്തിന് സ്ഥിരതയുണ്ടാക്കുന്നതെന്നും സത്യം കണ്ടെത്തലാണ് പത്രപ്രവർത്തനമെന്നും ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. സീനിയർ ജേർണലിസ്റ്റ് യൂണിയൻ കേരള ആലപ്പുഴ ജില്ലാകമ്മറ്റിയും എൻ.വി പ്രഭു സ്‌മാരക ട്രസ്റ്റും ചേർന്ന് നടത്തിയ എൻ.വി പ്രഭു സ്‌മാരക പത്രപ്രവർത്തക പുരസ്‌കാര സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആലപ്പുഴ വൈ.എം.സി.എ ഹാളിൽ വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ഒരു വ്യക്തി എന്തായി എന്നല്ല എന്തു ചെയ്‌തു എന്നതിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ വിലയിരുത്തുന്നതും ഓർമ്മിക്കുന്നതും. സേവന മനോഭാവമില്ലാത്തയാളുടെ ജീവിതം അർഥശൂന്യമാണ്. ബൗദ്ധികമായ ഉയർച്ചയോടൊപ്പം ഭയമില്ലായ്‌മയുമാണ് വിദ്യാഭ്യാസം കൊണ്ടുദ്ദേശിക്കുന്നത്. എൻ.വി പ്രഭു നിർഭയനായ പത്രപ്രവർത്തകനും നാടിനെ കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കു വഹിച്ച വ്യക്തിയുമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
അവാർഡുകൾ പേരില്ലാതെയും കൊടുക്കാം. എക്‌സലന്‍റ് അവാർഡുകൾ പോലെ. എന്നാൽ പേരിൽ കൊടുക്കുന്ന അവാർഡ് ആവ്യക്തിയുടെ കർമ്മഫലത്തിന് നൽകുന്നതാണ്. ഒരു കാര്യത്തിന് ഇറങ്ങിയാൽ അത് നടത്തി എടുക്കുക എന്നത് ചെറിയകാര്യമല്ല. ഡോ. എബ്രാഹാം തയ്യിലിന് അഡ്‌മിഷനുമായി ബന്ധപ്പെട്ട് എൻ.വി പ്രഭു മണിപ്പലിൽ പോയതാണ് ആലപ്പുഴ മെഡിക്കൽ കോളജ് വരാൻ കാരണമായതെന്നാണ് താൻ മനസിലക്കിയിട്ടുള്ളത്. ഡോ.എബ്രഹാം തയ്യിലാണ് അതിന് നിമിത്തമായതെന്നും അദ്ദേഹം പറഞ്ഞു.