ആലപ്പുഴ: വിദേശ രാജ്യങ്ങളിൽ ജോലി വാഗ്‌ദാനം ചെയ്‌ത് സംസ്ഥാന വ്യാപകമായി കോടികളുടെ തട്ടിപ്പ് നടത്തിയ തിരുവനന്തപുരം സ്വദേശി അറസ്‌റ്റിൽ. നെടുമങ്ങാട് സ്വദേശി തൗഫിക്ക് (54) എന്ന് അറിയപ്പെടുന്ന താജുദ്ദീനാണ് കൈനടി പൊലീസിന്‍റെ പിടിയിലായത്. പ്രദീപ് നായർ, വിജയകുമാർ, സന്തോഷ് എന്നീ പേരിൽ പല സ്ഥലങ്ങളിൽ ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
വിദേശ രാജ്യങ്ങളിലേക്ക് അളുകളെ കയറ്റി അയക്കുന്നതിനായി 2022ൽ ഇയാൾ കോയമ്പത്തൂർ ആസ്ഥാനമാക്കി Buzz Brain Management Pvt Ltd എന്ന സ്ഥാപനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഓൺലൈൻ ആപ്പ് വഴി ജീവനക്കാരെ തെരഞ്ഞെടുത്തിരുന്നു. അതിനുശേഷം അപ്രകാരം തെരഞ്ഞെടുത്ത സ്‌റ്റാഫുകളുടെ പേരിൽ പ്രതി കമ്പനി ആരംഭിച്ചു. കമ്പനി കെട്ടിടത്തിന്‍റെ വാടക എഗ്രിമെന്‍റും കമ്പനിയുടെ പേരിലുള്ള അക്കൗണ്ടുകളും സ്‌റ്റാഫുകളുടെ പേരിലാണ് ആരംഭിച്ചത്.
എന്നാൽ അക്കൗണ്ടിൽ വരുന്ന പണം ഇയാൾ അപ്പോൾ തന്നെ എടിഎം കാർഡ് ഉപയോഗിച്ച് പിൻവലിക്കുകയാണ് ചെയ്‌തിരുന്നത്. ആ കാലയളവിൽ ഇയാൾ പ്രദീപ് നായർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. സ്ഥാപനം തുടങ്ങിയ ശേഷം തിരുവനന്തപുരം മുതൽ കണ്ണുർ വരെയുള്ള ജില്ലകളിൽ നിന്നായി 30 ഓളം പേരിൽ നിന്നും ഏകദേശം ഒന്നരക്കോടിയോളം രൂപയാണ് ഇയാൾ കൈവശപ്പെടുത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പണം നൽകിയ ശേഷം ഏറെനാളായിട്ടും ജോലി ലഭിക്കാതെയിരുന്ന അപേക്ഷകർ ഇയാളെ ബന്ധപ്പെടാൻ ശ്രമിക്കുകയും എന്നാൽ അത് വിഫലമാകുകയും ചെയ്‌തതിനെ തുടർന്ന് കബളിപ്പിക്കപ്പെട്ട നിക്ഷേപകർ വിവിധ സ്‌റ്റേഷനുകളിലായി പരാതി നൽകിയിരുന്നു. പ്രദീപ് നായർ എന്ന കള്ളപ്പേരിൽ അറിയപ്പെട്ടിരുന്നത് താജുദ്ദീനാണെന്ന് പൊലീസ് മനസിലാക്കിയ ശേഷം ഇയാളെ അറസ്‌റ്റ് ചെയ്യുന്നതിനായി തിരുവനന്തപുരം, കോയമ്പത്തുർ, ചെന്നൈ, ബെംഗളൂരു എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. ഇതിനിടയിൽ ഇയാളെ ചെന്നെ കോയംബേട് ഭാഗത്തുള്ള ഒരു ഗസ്‌റ്റ് ഹൗസിൽ നിന്ന് കൈനടി പൊലീസ് സംഘം പിടികൂടുകയായിരുന്നു.
തിരുവനന്തപുരത്തെ വഞ്ചിയൂർ, കൊല്ലത്തെ കരുനാഗപ്പള്ളി, കണ്ണൂരിലെ തലശ്ശേരി, പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി, തൃശൂരിലെ കുന്നംകുളം, വരന്തരപള്ളി തുടങ്ങിയ സ്‌റ്റേഷനുകളിൽ രജിസ്‌റ്റർ ചെയ്‌ത തട്ടിപ്പ് കേസുകളിൽ ഒരു വർഷത്തിലേറയായി അന്വേഷിച്ച് വരുന്ന പിടികിട്ടാപുള്ളിയാണ് തൗഫിക്ക്. ഇത് കൂടാതെ സമാന കുറ്റകൃത്യം നടത്തിയതിന് 2019ൽ തൃശൂർ, മണ്ണൂത്തി പൊലീസ് സ്‌റ്റേഷനിലും കൂടാതെ 2021ൽ എറണാകുളം സെൻട്രൽ പൊലീസ് സ്‌റ്റേഷനിലും രജിസ്‌റ്റർ ചെയ്‌ത കേസുകളിൽ വിചാരണ നേരിട്ട് വരികയാണ്.
ആ സമയങ്ങളിൽ ഇയാൾ വിജയകുമാർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ചെന്നൈയിൽ നിന്ന് താജുദ്ദീനെ പൊലീസ് പിടികൂടിയ സമയം ലാപ്പ്ടോപ്പ്, മൊബൈൽ ഫോണുകൾ, പല ബാങ്കുകളുടെ 15 ഓളം എടിഎം കാർഡുകൾ എന്നിവ പിടിച്ചെടുത്തിരുന്നു. കൂടാതെ സന്തോഷ് എന്ന പേരിലുള്ളതും ഇയാളുടെ ഫോട്ടോ പതിച്ചതുമായ വ്യാജ ആധാർ കാർഡും കണ്ടെടുത്തു.
സന്തോഷ് എന്ന പേരിലുള്ള ആധാർ കാർഡ് വഴി നടത്തിയ അന്വേഷണത്തിൽ ഇയാൾ കോഴിക്കോട് പന്തിരംങ്കാവ് ബൈപ്പാസിന് സമീപത്തായി എൻലൈറ്റ്ലിങ്ക് (Enlightlink) എന്ന സ്ഥാപനം ജോൺ ബാഷ എന്നയാൾ മുഖേന നടത്തി വരുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
Also Read:'തിരുപ്പതിയിലെ കാണിക്കയില്‍ 100 കോടി രൂപയുടെ തട്ടിപ്പ്'; അടിയന്തര നടപടി വേണമെന്ന് ബോര്‍ഡ് അംഗം