കണ്ണൂര്‍ :ചക്കയും മാങ്ങയും കശുവണ്ടിയും നാമമാത്രമാവുന്ന കാലമാണ് ഇത്തവണ കേരളത്തില്‍. മലബാര്‍ പ്രദേശത്ത് മഴ ജനുവരി ആദ്യവാരം വരെയും ദക്ഷിണ കേരളത്തില്‍ ഡിസംബര്‍ ഒടുവില്‍ വരെ നീളുകയും മഞ്ഞ് യഥാസമയം ലഭ്യമാകാത്തതുമാണ് വേനല്‍കാല വിളകളെ സാരമായി ബാധിച്ചത്. നവംബര്‍, ഡിസംബര്‍ മാസമാണ് പ്ലാവുകളില്‍ ചക്ക വിരിയാന്‍ തുടങ്ങുന്നത്. എന്നാല്‍ ഇത്തവണ ഭൂരിഭാഗം പ്രദേശങ്ങളിലും ചക്ക നാമ്പെടുത്തത് പോലുമില്ല.
മാമ്പഴക്കാലത്തിന്‍റെ കാര്യവും ഇത്തവണ പരിതാപകരമാണ്. ഡിസംബര്‍ മാസമാണ് മാവുകള്‍ പൂവിടേണ്ടത്. എന്നാല്‍ ഇല പൊഴിഞ്ഞ് തളിരായി മാറുന്നതാണ് ഇത്തവണ കാണാന്‍ കഴിയുന്നത്. ഇനി ഇവയെല്ലാം പൂത്ത ഇടങ്ങളിലാകട്ടെ ഗുണത്തിലും നിറത്തിലും വ്യതിയാനമുണ്ട്.
വിഷു കാലത്ത് നാട്ടുമാവുകളില്‍ നിന്നാണ് കണ്ണി മാങ്ങ ലഭിക്കാറുള്ളത്. ഈ വര്‍ഷം അതിനും പഞ്ഞമായിരിക്കും. വൈകിയെത്തി മഴ മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്തിയതിനാല്‍ ഇനി മാങ്ങ പ്രതീക്ഷിക്കാനാവില്ല. ചക്കയുടെ കാര്യവും സമാനമാണ്.
ജലാംശമില്ലാതെ മണ്ണ് വരണ്ടുണങ്ങുകയും രാത്രി മഞ്ഞ് പെയ്യുകയും ചെയ്‌താലാണ് ചക്കയും മാങ്ങയും കശുമാങ്ങയുമൊക്കെ നിറയെ പൂവിട്ട് വിരിയുന്നത്. ജനുവരിയില്‍ ചിലയിടത്ത് വിരിഞ്ഞെങ്കിലും തണ്ടുണങ്ങി വീഴുന്ന കാഴ്‌ചയാണ് (Jackfruit Farming In Kerala).