കൊല്ലം:ഇന്ത്യ-പാക് യുദ്ധത്തില്‍ പങ്കെടുക്കവെ 1971 ഡിസംബര്‍ 10ന് കാശ്‌മീരിലെ താവി നദിക്കരിയില്‍ വീരമൃത്യു വരിച്ച യുവ സൈനികന്‍ ജാട്ട് റെജിമെന്‍റ് സെക്കന്‍ഡ് ലെഫ്റ്റനന്‍റ് കരുനാഗപ്പള്ളി സ്വദേശി രാധാമോഹന്‍ നരേഷിന് കൊല്ലം ആശ്രാമം മൈതാനത്ത് സ്‌മാരകം ഒരുങ്ങി. 50 കൊല്ലം മുന്‍പ് വീരമൃത്യു വരിച്ച സൈനികന് സൈന്യം തന്നെ ജന്മനാട്ടില്‍ സ്‌മാരകം നിര്‍മിക്കുന്നത് അപൂര്‍വ നടപടിയാണ്. സ്‌മാരകത്തില്‍ നരേഷിന്‍റെ സൈനിക സേവന വിവരങ്ങള്‍ ആലേഖനം ചെയ്‌തിട്ടുണ്ട്.
രാവിലെ നടന്ന ചടങ്ങില്‍ രാധാമോഹന്‍ നരേഷിന്‍റെ സഹോദരങ്ങളായ ഗോപിമോഹന്‍ നരേഷ്, ശ്രീകലറാണി എസ്, പ്രവീണ്‍ നരേഷ് എന്നിവര്‍ സ്‌മാരകം സമര്‍പ്പിച്ചു. തുടര്‍ന്നു നടന്ന യോഗത്തില്‍ രാധാമോഹന്‍ നരേഷിന്‍റെ കുടുംബാംഗങ്ങളെ ആദരിച്ചു.
പൊരുതി വീണത് മുനവര്‍താവി എന്ന തന്ത്രപ്രധാന പാലം സംരക്ഷിച്ച്:1971 ഡിസംബര്‍ 10ന്, പാകിസ്ഥാന്‍റെ കാലാള്‍പ്പട സൈന്യം ആക്രമണം നടത്തിയ മുനാവര്‍ താവി നദിയിലെ റായ്‌പൂര്‍ ക്രോസിങ് സംരക്ഷിക്കാന്‍ സെക്കന്‍റ് ലെഫ്റ്റനന്‍റ് രാധാമോഹന്‍ നരേഷിനെ പ്ലാറ്റൂണ്‍ കമാന്‍ഡറായി ചുമതലപ്പെടുത്തി. മുനവര്‍താവി എന്ന തന്ത്രപ്രധാന പാലം സംരക്ഷിക്കാന്‍ വേണ്ടി ഏറെനേരം പൊരുതി രാധാമോഹന്‍ വീരമൃത്യു വരിച്ചെങ്കിലും പാലം കടക്കാന്‍ ശത്രുസൈന്യത്തിനായില്ല. പാലം സംരക്ഷിച്ചില്ലായിരുന്നു എങ്കില്‍ പാക് അധീന കാശ്‌മീരിന്‍റെ വലുപ്പം കൂടുമായിരുന്നുവെന്ന് സൈനികവൃത്തങ്ങള്‍ അന്നു പറഞ്ഞിരുന്നു. യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍, രാധാമോഹന്‍ നരേഷ് ജാട്ട് റെജിമെന്‍റില്‍ അംഗമായിട്ട് ഒരാഴ്‌ച മാത്രം.
ജീവത്യാഗം 21ാം വയസില്‍:21ാം വയസിലായിരുന്നു രാജ്യത്തിനു വേണ്ടിയുള്ള ജീവത്യാഗം. കഴക്കൂട്ടം സൈനിക സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ നിന്ന് രാജ്യത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ ആദ്യ വിദ്യാര്‍ഥിയാണ് രാധാമോഹന്‍ നരേഷ്. സൈനിക സ്‌കൂളില്‍ നിന്ന് മികച്ച വിജയം നേടുന്ന വിദ്യാര്‍ഥിക്ക് രാധാമോഹന്‍റെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്.