കാസർകോട് : എൻഡോസൾഫാൻ ദുരിത ബാധിതരുടെ അനിശ്ചിതകാല സമരം നൂറാം ദിവസം പിന്നിടുമ്പോഴും സർക്കാർ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപം. ആവശ്യങ്ങൾ അംഗീകരിക്കാതെ വന്നതോടെയാണ് എൻഡോസൾഫാൻ ദുരിതബാധിതർ വീണ്ടും സമരത്തിന് ഇറങ്ങിയത്. നൂറു ദിവസമായിട്ടും സർക്കാരിന്‍റെ ഭാഗത്തു നിന്നും നടപടികൾ ഇല്ലാതായതോടെ കാഞ്ഞങ്ങാട് ആർടിഒ ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ഇവർ നടത്തി.
നിരവധിപ്പേർ മാർച്ചിൽ പങ്കെടുത്തു. മാർച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ജനുവരി 30 ന് കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനു മുന്നിലാണ് എൻഡോസൾഫാൻ സമരസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരത്തിന് തുടക്കമിട്ടത്. മാസങ്ങൾ പിന്നിട്ട് ഇന്ന് നൂറാം ദിവസത്തിൽ എത്തിനിൽക്കെ നിവർത്തികെട്ട് വീണ്ടും പ്രതിഷേധത്തിനിറങ്ങുകയായിരുന്നു തങ്ങളെന്ന് ദുരിതബാധിതർ.