ഇടുക്കി:അതീവ പരിസ്ഥിതി ലോല മേഖലയിൽ അനധികൃത നിർമാണവുമായി ഭൂമാഫിയ. ബൈസൺവാലി വില്ലേജിലെ ചൊക്രമുടി ഭാഗത്താണ് ഭൂമാഫിയയുടെ അനധികൃത നിർമാണം പുരോഗമിക്കുന്നത്. ബ്ലോക്ക് നമ്പർ 005 ൽ സർവേ നമ്പർ 27/ 1-259 / 16ൽ ഉൾപ്പെടുന്ന ഭൂമിയുടെ മറവിലാണ് ഏക്കർകണക്കിന് സർക്കാർ ഭൂമി കൈയേറി അനധികൃത നിർമ്മാണ പ്രവർത്തങ്ങൾ നടത്തുന്നത്.
ഗ്യാപ് റോഡിനോട് ചേർന്ന് മണ്ണിടിച്ചലും ഉരുൾപൊട്ടലും ഉണ്ടായ മേഖലയിൽ നിന്നും ഇരുന്നൂറ് മീറ്റർ നീങ്ങിയാണ് മലനിരകൾ ഇടിച്ചു നിരത്തി പാറകൾ പൊട്ടിച്ചുള്ള നിർമാണ പ്രവർത്തങ്ങൾ പുരോഗമിക്കുന്നത്. അതീവ പരിസ്ഥിതിലോല മേഖലയായ ഇവിടെ വീട് നിർമ്മിക്കാൻ ലഭിച്ച എൻഒസിയുടെ മറവിലാണ് കുന്നുകൾ ഇടിച്ചു നിരത്തിയുള്ള കൈയേറ്റം നടക്കുന്നത്.
തമിഴ്‌നാട് രാജാ അണ്ണാമലൈപുരം സ്വദേശിയാണ് ഇതിന് പിന്നിലെന്നാണ് സൂചന. റെഡ് സോണിൽ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിർമ്മണപ്രവർത്തങ്ങൾ പാടില്ല എന്നിരിക്കെയാണ് റവന്യു അധികൃതരുടെ മൗന അനുവാദത്തോടെ ഏക്കർ കണക്കിന് മലനിരകൾ ഇടിച്ച് നിരത്തിയിരിക്കുന്നത്. വൻതോതിൽ പാറ ഖനനവും, ആയിരകണക്കിന് മരങ്ങൾ മുറിച്ച് കടത്തുകയും ചെയ്‌തിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.