കേരളം

kerala

ETV Bharat / state

'ഇടുക്കിയെ കേരളത്തോട് ചേര്‍ത്ത' പട്ടം കോളനിയുടെ കഥ; 70 പിന്നിട്ട മണ്ണില്‍ ഇന്നും കര്‍ഷകരുടെ വിയര്‍പ്പുനനവ്! - IDUKKI PATTOM COLONY

കടുത്ത മൂടൽ മഞ്ഞും കൊടും തണുപ്പും ആന ഉൾപ്പടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണവും കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു.

PATTOM COLONY HISTORY  PATTOM COLONY IDUKKI  IDUKKI HISTORY  ഇടുക്കി പട്ടം കോളനി സ്‌കീം
Idukki Pattom Colony (ETV Bharat)

By ETV Bharat Kerala Team

Published : Jan 29, 2025, 5:53 PM IST

Updated : Jan 29, 2025, 5:58 PM IST

ഇടുക്കി:സ്വാതന്ത്ര്യനന്തരം ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിച്ചപ്പോൾ ഇടുക്കിയുടെ മലനിരകളെ കേരളത്തോട് ചേർത്ത് നിർത്തിയത് അന്നത്തെ തിരു കൊച്ചി മുഖ്യമന്ത്രി ആയിരുന്ന പട്ടം താണുപിള്ളയുടെ ദീർഘ വീക്ഷണമായിരുന്നു. ഇടുക്കിയെ കേരളം സ്വന്തമാക്കിയതാകട്ടെ ഹൈറേഞ്ച് കോളനൈസേഷൻ സ്‌കീമിൽ സ്ഥാപിതമായ പട്ടം കോളനിയിലൂടെയും. പട്ടം കോളനി ഇന്ന് 70 ന്‍റെ നിറവിലാണ്.

'അര അണ' വിലയുള്ള ഫോമിൽ അപേക്ഷിച്ച കർഷകർക്ക് പതിച്ചു നൽകിയത് അഞ്ച് ഏക്കർ ഭൂമിയാണ്, കർഷകനാണെന്ന് വിലയിരുത്തിയത് കൈയിലെ തഴമ്പ് നോക്കിയും. പണിയായുധങ്ങളും വായ്‌പയും നൽകിയാണ് ഇടുക്കിയുടെ അതിർത്തി മേഖലയിലേയ്‌ക്ക് കർഷകരെ കുടിയിരുത്തിയത്.

പട്ടം കോളനി (ETV Bharat)

എന്നാൽ ഹൈറേഞ്ചിലേയ്‌ക്ക് എത്തിയ കർഷകരെ കാത്തിരുന്നത് പ്രതിസന്ധിയുടെ നാളുകൾ ആയിരുന്നു. കടുത്ത മൂടൽമഞ്ഞ്, കൊടും തണുപ്പ്, ആന ഉൾപ്പടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണം. ഇടതൂർന്ന് പോതപ്പുല്ല് നിറഞ്ഞ ഭൂമിയിൽ കർഷകർ നേരിട്ട പ്രതിസന്ധികൾ നിരവധി ആയിരുന്നു. തമിഴ് ഭൂരിപക്ഷ മേഖലകളായ ഇന്നത്തെ പീരുമേട്, ഉടുമ്പഞ്ചോല, ദേവികുളം താലൂക്കുകൾ കേരളത്തിനൊപ്പം നില നിർത്തുക എന്നതായിരുന്നു ഹൈറേഞ്ച് കോളനൈസേഷൻ സ്‌കീമിന്‍റെ പ്രധാന ലക്ഷ്യം. പട്ടം കോളനിയ്‌ക്ക് പുറമെ കാന്തല്ലൂർ, ദേവിയാർ കോളനികളും സ്ഥാപിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഇന്നത്തെ നെടുംകണ്ടം, പാമ്പാടുമ്പാറ, കരുണാപുരം പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന പട്ടം കോളനിയിൽ അഞ്ച് ഏക്കർ വീതമുള്ള 1397 ബ്ലോക്കുകൾ ആണ് അനുവദിച്ചത്. മുണ്ടിയെരുമയിലും തേർഡ് ക്യാമ്പിലും പൊതു ആവശ്യങ്ങൾക്കായും ഭൂമി നീക്കി വച്ചു. കർഷകർക്കൊപ്പം വിവിധ തൊഴിൽ മേഖലകളിൽ മികവ് തെളിയിച്ചവർക്കും ഭൂമി അനുവദിച്ചു. ഒപ്പം വിദ്യാലയങ്ങളും പൊതു സ്ഥാപനങ്ങളും ആരംഭിച്ചു.

നാനാജാതി മതസ്ഥരെയും ഒരുപോലെ ഉൾപെടുത്തിയാണ് ഭൂമി അനുവദിച്ചത്. പട്ടം കോളനിയുടെ വിജയ കഥ, കൂട്ടായ്‌മയുടെ വിജയ ഗാഥായാണ്. നാടിന്‍റെ സപ്‌തതി, ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ ആഘോഷമാകുകയാണ് നാട്ടുകാർ.

Also Read:ഇത്തവണ വിളയിച്ചത് 100 കിലോയോളം വരുന്ന ഭീമൻ ചേന; സുരേന്ദ്രന് ഇതൊക്കെ നിസാരം

Last Updated : Jan 29, 2025, 5:58 PM IST

ABOUT THE AUTHOR

...view details