കേരളം

kerala

ETV Bharat / state

'എറണാകുളത്തെവിടെ ഏലത്തോട്ടം'?: കട്ടപ്പന ഇരട്ട കൊലപാതക കേസില്‍ പ്രതിയെ കുടുക്കിയത് ഫോണിലെ ചിത്രങ്ങൾ - Kattappana double murder case

ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി, തെളിവായി ബസ് ടിക്കറ്റ്, പക്ഷേ ഫോണിലെ ഫോട്ടോയിൽ കുടുങ്ങി കട്ടപ്പന ഇരട്ട കൊലക്കേസ് പ്രതി

Kattappana twin murder  Crime  Kerala Police  investigation team
Idukki kattappana Twin Murder

By ETV Bharat Kerala Team

Published : Mar 16, 2024, 1:29 PM IST

ഇടുക്കി : കട്ടപ്പന ഇരട്ട കൊലപാതക കേസന്വേഷണം എസ്‌പിയുടെ നേതൃത്വത്തിൽ രണ്ടാം ഘട്ടത്തിലേയ്ക്ക് നീങ്ങുമ്പോൾ വെല്ലുവിളിയാവുന്നത് പ്രതികളുടെ അടിക്കടിയുള്ള മൊഴിമാറ്റവും സുമയുടെയും സഹോദരിയുടെയും മൊഴികളുടെ വൈരുധ്യവുമാണ്.

കൊല്ലപ്പെട്ട വിജയന്‍റെ മകനും കേസിലെ രണ്ടാം പ്രതിയുമായ വിഷ്‌ണുവിനെ മോഷണത്തിനിടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ഇതിന് പിന്നാലെയാണ് അന്വേഷണത്തിന് വഴി ഒരുങ്ങിയത് (Idukki Kattappana Double Murder Case).

വിഷ്‌ണുവിനെ മോഷണത്തിനിടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ച ദിവസം പുലർച്ചെ 3.30 ഓടെ വന്ന ഒരു ഫോൺ കോളിലൂടെയാണ് അന്വേഷണ സംഘം നിതീഷിലേക്ക് എത്തിയത്. പൊലീസിന്‍റെ മുന്നിൽ ആദ്യം എത്തുമ്പോൾ മുതൽ അതീവ ശ്രദ്ധയോടെയാണ് പ്രതിയായ നിതീഷ് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയിരുന്നത്.

ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും വീട് ചോദിച്ചറിഞ്ഞും അന്വേഷണത്തിനായി കട്ടപ്പന എസ്ഐ‌ എൻ ജെ സുനേഖും സീനിയർ സിവിൽ പൊലീസ് ഓഫിസറും മഫ്‌തിയിൽ കക്കാട്ടുകടയിലെ വിഷ്‌ണുവിന്‍റെ വാടക വീട്ടിലെത്തിയെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല.

വീടിന് ചുറ്റും നടന്ന് പരിശോധിച്ചെങ്കിലും ആരെയും കണ്ടില്ല. ഒരു ചെറിയ വെളിച്ചം പോലും അകത്ത് കയറാത്ത വിധം ജനലുകളും വാതിലുകളുമെല്ലാം മറച്ച നിലയിലായിരുന്നു. വാതിൽ അകത്തു നിന്ന് അടച്ച നിലയിലായിരുന്നെങ്കിലും ഏറെ നേരം വിളിച്ചിട്ടും ആരും പുറത്തുവന്നില്ല (Idukki Kattappana Double Murder Case).

പിന്നീട് ഇവർ റോഡിലിറങ്ങി സംസാരിച്ചുകൊണ്ട് നിൽക്കവെ വീടിന് സമീപത്തുള്ള പറമ്പിലൂടെ വരുന്നതു പോലെ ഒരു യുവാവ് ഇറങ്ങി വന്നു. പേര് ചോദിച്ചപ്പോൾ നിതീഷ് തന്‍റെ മറ്റൊരു വിളിപ്പേരായ രാജേഷ് എന്നാണ് മറുപടി പറഞ്ഞത്. എവിടെ പോയതാണെന്ന ചോദ്യത്തിന് ഗിനി പന്നികളെ വളർത്തുന്നുണ്ടെന്നും അതിന് വെള്ളം കൊടുക്കാൻ പോയതാണെന്നും പറഞ്ഞു. ഫോൺ വാങ്ങി പരിശോധിച്ചപ്പോൾ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലായിരുന്നു.

ഇതെന്തിനാണ് സ്വിച്ച് ഓഫ് ചെയ്‌തത് എന്ന ചോദ്യത്തിന് ചാർജില്ലാതെ ഓഫ് ആയത് ആവാമെന്നായിരുന്നു മറുപടി. എസ്ഐ സുനേഖ് ഫോൺ വാങ്ങി ഓണാക്കി നോക്കിയപ്പോൾ അത് കള്ളമാണെന്ന് ബോധ്യമായി. അപ്പോൾ താനറിയാതെ ഓഫായതാവാം എന്നായി മറുപടി (Idukki Kattappana Double Murder Case).

പുലർച്ചെ 3.30 ന് എന്തിനാണ് വിഷ്‌ണുവിനെ വിളിച്ചത് എന്ന് ചോദിച്ചപ്പോൾ താൻ ഇന്നലെ രാത്രി 11ന് എറണാകുളത്ത് നിന്നും കട്ടപ്പനയ്ക്ക് ബസിൽ വന്നതാണെന്നും പുലർച്ചെ കട്ടപ്പനയിലെത്തിയപ്പോൾ വീട്ടിൽ പോകുന്നതിനായി കൂട്ടുകാരൻ വിഷ്‌ണുവിനെ വിളിച്ചതാണെന്നും പറഞ്ഞു. ഇത് ബലപ്പെടുത്താനായി ഒരു എറണാകുളം - കട്ടപ്പന റൂട്ടിൽ വന്ന ഒരു ബസ് ടിക്കറ്റും പോക്കറ്റിൽ നിന്നും എടുത്തു കാട്ടി.

ഇതുവരെ കാര്യങ്ങൾ എല്ലാം വളരെ കൃത്യമായിരുന്നു. പക്ഷെ എസ്ഐയുടെ അടുത്ത നിർണായക നീക്കത്തിൽ നിതീഷ് ഉത്തരമില്ലാതെ കുഴഞ്ഞു. നിതീഷിൻ്റെ മൊബൈൽ ഫോൺ വാങ്ങി ഒടുവിൽ എടുത്ത ചിത്രങ്ങൾ പരിശോധിച്ചപ്പോൾ ഏലത്തിന്‍റെ പടങ്ങളായിരുന്നു (Idukki Kattappana Double Murder Case).

ഈ ഫോട്ടോകൾ എടുത്ത സമയം നോക്കിയപ്പോൾ തലേ ദിവസത്തേതും. എറണാകുളത്ത് എവിടെയാണ് ഏലത്തോട്ടം ഉള്ളതെന്ന ചോദ്യത്തോടെ പ്രതി അതുവരെ കെട്ടിപ്പൊക്കിയ നുണകൾ ഒന്നൊന്നായി പൊളിഞ്ഞു വീണു. ഇതോടെ സത്യം പറയാൻ നിതീഷ് നിർബന്ധിതനായി.

പിന്നീട് വീടിനുള്ളിൽ നടത്തിയ പരിശോധനയിലെ ദുരൂഹ സാഹചര്യങ്ങളും ബന്ധുക്കളുടെ സംശയങ്ങളും പലരിൽ നിന്നായി ലഭിച്ച വിവരങ്ങളും കൂട്ടിയിണക്കിയുള്ള ചോദ്യം ചെയ്യലിൽ ഇരുകൊലപാതകങ്ങളും പ്രതി സമ്മതിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details