രാജ്യം റിപ്പബ്ലിക് നിറവില്‍, ഇടുക്കി പിറന്നാൾ നിറവില്‍ ഇടുക്കി : സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയ്ക്ക്, ഇടുക്കിക്ക് ഇന്ന് 52 വയസ്സ് ( Idukki Turns 52 Today). 1972-ൽ സംസ്ഥാനത്തെ വലിയ ജില്ലയായാണ് ഇടുക്കിയുടെ പിറവി. 1997-ൽ ആ പദവി പാലക്കാട് കൊണ്ടുപോയി. 2023-ൽ കുട്ടമ്പുഴ വില്ലേജിൽനിന്ന് 12718.5095 ഹെക്‌ടർ സ്ഥലം ഇടമലക്കുടിയോട് ചേർത്ത് വിജ്ഞാപനം ഇറങ്ങിയതോടെ ഇടുക്കി വീണ്ടും കേരളത്തിലെ വലിയ ജില്ലയായി. ഇപ്പോൾ ആകെ ഭൂവിസ്‌തൃതി 461223.1495 ഹെക്‌ടറാണ്.
അച്യുതമേനോൻ മന്ത്രിസഭയിലെ അംഗമായിരുന്ന ബേബി ജോണാണ് പുതിയ ജില്ലയ്ക്ക് ഇടുക്കിയെന്ന് പേര് നിർദേശിച്ചത്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ കോ-ഓർഡിനേറ്ററായിരുന്ന ഡി.ബാബുപോളിന് ജില്ല കലക്‌ടറുടെ കൂടി ചുമതല നൽകിക്കൊണ്ട് ഉത്തരവിറക്കി. ജനുവരി 25-ന് മൂലമറ്റത്തായിരുന്ന ബാബുപോളിനെ തലസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയാണ് ഉത്തരവ് നൽകിയത്. 24 മണിക്കൂറിനകം ജില്ലയുടെ ഓഫീസ് പ്രവർത്തനം ആരംഭിക്കാനായിരുന്നു ആദ്യ നിർദേശം.
അങ്ങനെ 1972 ജനുവരി 26-ന് കോട്ടയം ദേവലോകം യൂണിയൻ ക്ലബ്ബിനടുത്തുള്ള കെട്ടിടത്തിൽ നടന്ന ലളിതമായ ചടങ്ങിൽ പതാക ഉയർത്തിയതോടെ ജില്ല നിലവിൽ വന്നു. അതായിരുന്ന ആദ്യ ജില്ല ആസ്ഥാനവും. കലക്‌ടറേറ്റിന്‍റെ പ്രവർത്തനം ഇടുക്കിയിലേക്ക് മാറ്റാൻ വീണ്ടും നിരവധി സമരങ്ങൾ വേണ്ടിവന്നു. തുടർന്ന് 1976 ജൂണിൽ പൈനാവിൽ കലക്‌ടറേറ്റ് പ്രവർത്തനം തുടങ്ങി. പിന്നീട് 1985 ജനുവരി എട്ടിന് സിവിൽ സ്‌റ്റേഷൻ ഉദ്ഘാടനം ചെയ്‌തു.
വികസനത്തിന്‍റെ പാതയിലാണ് ഇടുക്കിയെങ്കിലും ഭൂപ്രശ്‌നങ്ങൾ ജില്ലയ്ക്ക് മുകളിൽ നിലനിൽക്കുന്നുണ്ട്. ഭൂപതിവ് ഭേദഗതി നിയമം നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പിടാത്തതിനാൽ നിയമമായിട്ടില്ല. ബില്ലിനെച്ചൊല്ലിയുള്ള തർക്കങ്ങളും ആരോപണങ്ങളും ആശങ്കകളും ഇനിയും കെട്ടടങ്ങിയിട്ടില്ല. പട്ടയം കിട്ടനായി പതിനായിരങ്ങളാണ് ജില്ലയിൽ ഇപ്പോഴും കാത്തിരിക്കുന്നത്. കുടിയേറ്റക്കാലത്തേതിന് സമാനമായി വന്യജീവി ആക്രമണങ്ങളും ജില്ലയിൽ വർധിച്ചുവരുന്നുണ്ട്.
കർഷകന്‍റെ ജില്ലയായാണ് ഇടുക്കി അറിയപ്പെട്ടിരുന്നതെങ്കിലും ഇപ്പോൾ കൃഷിയിലേക്ക് തിരിയുന്നവർ വിരളമാണ്. എങ്കിലും പുതിയൊരു ജന്മദിനം കടന്നുവരുമ്പോൾ ജില്ല പ്രതീക്ഷയിലാണ്. വരാൻ പോകുന്ന കാലം സന്തോഷത്തിന്‍റെയും സുഖത്തിന്‍റെയും സമൃദ്ധിയുടേതുമാകുമെന്ന അണമുറിയാത്ത പ്രതീക്ഷയിലാണ് ഇടുക്കിക്കാര്‍.