വെള്ളം കെട്ടിക്കിടക്കുന്ന റോഡ് ഏത് 'പ്രോ റൈഡര്‍ക്കും' പേടി സ്വപ്‌നമാവേണ്ട ഒന്നാണ്. ശ്രദ്ധിച്ച് വണ്ടിയോടിച്ചില്ലെങ്കില്‍ ജീവന്‍ അപഹരിക്കാനാകുന്ന അത്രയും മാരകമാകാം ഇത്തരം റോഡുകളില്‍ ഉണ്ടാകുന്ന അപകടം.
ഏതൊരു വാഹനത്തേയും ഡ്രൈവറുടെ നിയന്ത്രണത്തില്‍ നിര്‍ത്തുന്ന 'ബ്രേക്കിങ്' എന്ന സംവിധാനം വെള്ളക്കെട്ടുള്ള റോഡുകളില്‍ നേര്‍ വിപരീതമായും പ്രവര്‍ത്തിച്ചേക്കാം. അത്യന്തികമായി, റോഡും വാഹനത്തിന്‍റെ ടയറുകളും തമ്മിലുള്ള ബന്ധമാണ് നമ്മുടെ വാഹനത്തെ മുന്നോട്ട് നീക്കുന്നത് എന്നതാണ് ഇതിന് കാരണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതുകൊണ്ടുതന്നെ മഴക്കാലത്തെ യാത്രകളിലും വെള്ളക്കെട്ടുള്ള റോഡുകളിലൂടെയുള്ള യാത്രകളിലും അതീവ ശ്രദ്ധ ആവശ്യമാണ്. ആലപ്പുഴ കളര്‍കോടിലുണ്ടായ വാഹനാപകടം ആറ് വിദ്യാര്‍ഥികളുടെ ജീവന്‍ അപഹരിച്ച ദാരുണ സംഭവത്തിന് പിന്നാലെ 'ജലപാളി പ്രവർത്തനം' അഥവാ ഹൈഡ്രോ പ്ലേനിങ് എന്ന് പ്രതിഭാസത്തെക്കുറിച്ചുള്ള അവബോധം വീണ്ടും പൊതു ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്.
കേരള മോട്ടോര്‍ വാഹന വകുപ്പിന്‍റെ മുന്നറിയിപ്പ്
എന്താണ് ഹൈഡ്രോപ്ലേനിങ്?
മഴക്കാലത്ത് റോഡിൽ സംഭവിച്ചേക്കാവുന്ന അത്യന്തം അപകടകരമായ അവസ്ഥയാണ് ഹൈഡ്രോ പ്ലേനിങ്. നിരത്തുകളിൽ വാഹനത്തിന്‍റെ മുന്നോട്ടുള്ള കുതിപ്പും (Traction) ബ്രേക്കിങ്ങും സ്‌റ്റീയറിങ് ആക്ഷനുകളുമെല്ലാം. വാഹനത്തിലെ യാന്ത്രികമായ ഭാഗങ്ങളുടെ പ്രവർത്തനം മൂലമാണ്. എങ്കിലും അന്തിമമായി പ്രവർത്തനം സംഭവിക്കുന്നത് ടയറും റോഡും തമ്മിലുള്ള ഘർഷണത്തം (Friction) മൂലമാണ് (മിനുസമുള്ള തറയിൽ എണ്ണ ഒഴിച്ചാൽ നമുക്ക് നടക്കാൻ പോലും കഴിയാത്തത് ഈ ഘർഷണത്തിന്‍റെ അഭാവം മൂലമാണ്).
വെള്ളം കെട്ടിനിൽക്കുന്ന റോഡിൽ വേഗത്തിൽ വാഹനം ഓടിക്കുമ്പോൾ ടയറിന്‍റെ പമ്പിങ് ആക്ഷൻ മൂലം ടയറിന്‍റെ താഴെ വെള്ളത്തിന്‍റെ ഒരു പാളി രൂപപ്പെടുന്നു. സാധാരണ ഗതിയിൽ ടയർ റോഡിൽ സ്‌പർശിക്കുന്നിടത്തെ ജലം ടയറിന്‍റെ ത്രെഡിന്‍റെ സഹായത്തോടെ (Impeller action) ചാലുകളിൽ കൂടി (Spill way)പമ്പ് ചെയ്‌ത് കളഞ്ഞ്, ടയറും റോഡും തമ്മിലുള്ള Contact നിലനിർത്തും.
എന്നാൽ ടയറിന്‍റെ വേഗത (Peripheral speed) കൂടുന്തോറും പമ്പ് ചെയ്‌ത് പുറന്തള്ളാൻ കഴിയുന്ന അളവിനേക്കാൾ കൂടുതൽ വെള്ളം ടയറിനും റോഡിനും ഇടയിലേക്ക് അതിമർദ്ദത്തിൽ ട്രാപ് ചെയ്യപ്പെടുകയും വെള്ളം കംപ്രസിബിൾ അല്ലാത്തതു കൊണ്ടുതന്നെ ഈ മർദ്ദം മൂലം ടയർ റോഡിൽ നിന്ന് ഉയരുകയും ചെയ്യും. അങ്ങനെ ടയറിന്‍റെയും റോഡിന്‍റെയും ബന്ധം വിഛേദിക്കപ്പെടുന്ന അത്യന്തം അപകടകരമായ പ്രതിഭാസമാണ് ഹൈഡ്രോപ്ലേനിങ് അഥവാ അക്വാപ്ലേനിങ്.