ചിങ്ങപ്പുലരിയിൽ നട തുറന്നു (ETV Bharat) പത്തനംതിട്ട:ചിങ്ങപ്പുലരിയിൽ ശബരിമല നട ഇന്ന് (ഓഗസ്‌റ്റ് 17) പുലർച്ചെ അഞ്ചിന് തുറന്നപ്പോൾ വലിയ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. ഇന്ന് സന്നിധാനത്ത് ഉച്ചയ്ക്ക് ലക്ഷാർച്ചന നടക്കും. 21 ന് രാത്രി 10ന് നടയടയ്ക്കും വരെ തന്ത്രിയായി കണ്‌ഠര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾ ഉൾപ്പെടെ എല്ലാ പൂജകളും നടക്കും.
ഭസ്‌മക്കുളം മാറ്റി സ്ഥാപിക്കും:സന്നിധാനത്തെ ഭസ്‌മക്കുളത്തിൻ്റെ സ്ഥാനം മാറ്റുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്തിൻ്റെ നേത്യത്വത്തിൽ സന്നിധാനത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. നിലവിൽ ഭസ്‌മക്കുളത്തിലേക്ക് മാലിന്യം ഒഴുകിവരുന്ന അവസ്ഥയുള്ളതിനാലാണ് തീരുമാനം.
ഭസ്‌മക്കുളം മാറ്റി സ്ഥാപിക്കുന്നതെവിടെയെന്ന കാര്യത്തിൽ നാളെ തീരുമാനമാകും. അടുത്ത തീർഥാടനകാലത്ത് വെർച്വൽ ക്യൂ ബുക്കിങ്ങിനൊപ്പം സ്പോർട്ട് ബുക്കിങ്ങും തുടരുമെന്നും പ്രസിഡൻ്റ് പറഞ്ഞു. ബോർഡ് അംഗങ്ങളായ ജി സുന്ദരേശൻ, എ അജികുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
സ്ഥാന നിർണയവും തറക്കല്ലിടലും നാളെ:ശബരിമലയിലെ ഭസ്‌മകുളം പുതിയ സ്ഥലത്തേക്ക് മാറ്റുന്നതിനായുള്ള സ്ഥാനനിർണ്ണയം നാളെ (ഓഗസ്‌റ്റ് 18) രാവിലെ 7.30 ന് നടക്കും. ദേവസ്വം സ്ഥപതി പട്ടികയിൽ ഉൾപ്പെടുന്ന വാസ്തുശാസ്ത്ര വിജ്ഞാന കേന്ദ്രത്തിന്‍റെ അധ്യക്ഷനുമായ കെ . മുരളീധരനാണ് സ്ഥാന നിർണ്ണയം നടത്തുക. തുടർന്ന് ഉച്ചയ്ക്ക് 12നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ പുതിയ ഭസ്‌മകുളത്തിനായുള്ള തറക്കല്ലിടൽ നടക്കും.
തന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ് പ്രശാന്താണ് തറക്കല്ലിടൽ നിർവഹിക്കുക. ദേവസ്വം ബോർഡ് അംഗം അജികുമാർ സന്നിഹിതനായിരിക്കും. ഭസ്‌മക്കുളം ക്ഷേത്ര ശരീരത്തിന്‍റെ ഭാഗമായതിനാൽ തന്ത്രിമാരുടെ അനുവാദത്തോടെയും നിർദേശങ്ങൾക്കനുസരിച്ചുമാണ് ദേവസ്വം ബോർഡ് തീരുമാനമെടുത്തത്.
ഇപ്പോഴുള്ള ഫ്ലൈ ഓവറിന് താഴെയായിരുന്നു മുമ്പ് ഭസ്‌മകുളത്തിന്‍റെ സ്ഥാനം. നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് നിലവിലുള്ള സ്ഥാനത്തേക്ക് മാറ്റി സ്ഥാപിച്ചത് . നിലവിലെ ഭസ്‌മക്കുളത്തിന്‍റെ പരിശുദ്ധിയേയും പവിത്രതയും സംബന്ധിച്ചുള്ള വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഭസ്‌മക്കുളം മാറ്റി സ്ഥാപിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്.
Also Read:ബഹുരാഷ്ട്രക്കമ്പനിയിലെ ജോലി ഉപേക്ഷിച്ച് കണ്‌ഠരര് ബ്രഹ്മദത്തൻ എത്തി; ശബരിമലയിലെ താന്ത്രിക ചുമതലയിൽ തലമുറ മാറ്റം