കോഴിക്കോട്: ഹോം വോട്ട് എന്ന തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പുതിയ സംവിധാനത്തിലൂടെ വയനാട് ലോക്‌സഭ മണ്ഡലത്തിൽ സമ്മതിദാനാവകാശം നിർവഹിച്ചത് 7190 പേർ. പോളിങ് ബൂത്തിലേക്ക് പോവാതെ സ്വന്തം വീട്ടിലിരുന്ന് ജനാധിപത്യ ഉത്സവത്തിന്‍റെ ഭാഗമായവർ. കാടും മലയും താണ്ടി വോട്ട് രേഖപ്പെടുത്താൻ പോളിങ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുമ്പോൾ അവരിൽ പലർക്കും മനസ് നിറഞ്ഞ സന്തോഷമായിരുന്നെന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചു.
ഭിന്ന ശേഷിക്കാര്‍ക്കും 85 വയസിന് മുകളിലുള്ളവര്‍ക്കുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഏര്‍പ്പെടുത്തിയ ഹോം വോട്ടിങ്ങ് സംവിധാനമാണ് ഉദ്യോഗസ്ഥർ വിജയകരമാക്കിയത്. ചില നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ വീടുകളില്‍ ഇരുന്ന് തന്നെ വോട്ട് ചെയ്യാമെന്നത് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഹോം വോട്ടിങ്ങ് സംവിധാനത്തിന്‍റെ സവിശേഷതയാണ്.
ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ ഈ പട്ടികയിലുള്ളവരുടെ വീടുകളിലെത്തി ഹോം വോട്ടിങ്ങിനുള്ള ഫോറം പൂരിപ്പിച്ച് വാങ്ങുന്നതാണ് ആദ്യ നടപടി. ഇങ്ങനെ അപേക്ഷ നല്‍കിയവര്‍ക്ക് പിന്നീട് പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ കഴിയില്ല.
12 ഡി ഫോറത്തില്‍ അപേക്ഷ നല്‍കിയ മുതിര്‍ന്ന 5,050 വോട്ടര്‍മാരെയാണ് വയനാട് മണ്ഡലത്തില്‍ ഹോം വോട്ടിങ്ങ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ 4,860 വോട്ടര്‍മാര്‍ ഈ സംവിധാനം പ്രയോജനപ്പെടുത്തി. 2,408 ഭിന്നശേഷി വോട്ടര്‍മാരാണ് വീടുകളില്‍ നിന്നുള്ള വോട്ടിങ്ങ് സൗകര്യത്തിനായി അപേക്ഷ നല്‍കിയത്. ഇതില്‍ 2,330 പേര്‍ വോട്ട് ചെയ്‌തു.