സീതയെന്ന ഹിപ്പോപൊട്ടാമസിന് കുഞ്ഞ് പിറന്നു തിരുവനന്തപുരം:മൃഗശാലയിൽ ജനിച്ചു വളർന്ന, 14 വയസുള്ള സീത എന്ന പെൺ ഹിപ്പോപൊട്ടാമസ് പ്രസവിച്ചു. ഇന്ന് (ഏപ്രിൽ 08) പുലർച്ചെയാണ് ഹിപ്പോപൊട്ടാമസ് കുഞ്ഞിന് ജന്മം നൽകിയത്. സാധാരണ ഹിപ്പോകൾ വെള്ളത്തിൽ വച്ച് തന്നെയാണ് പ്രസവിക്കാറുള്ളതെങ്കിലും ഗർഭിണിയായ ഹിപ്പോയെ മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരണിന്‍റെ നേതൃത്വത്തിൽ നിരീക്ഷിച്ച് വരുകയായിരുന്നു.
നിലവിൽ ഹിപ്പോ കൂട്ടിലേക്ക് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതലായി മനുഷ്യരെ കാണുമ്പോൾ പ്രസവിച്ച ഹിപ്പോയെയും കുഞ്ഞിനേയും സംരക്ഷിക്കാൻ മറ്റുള്ള ഹിപ്പോകൾ ശ്രമിക്കുന്നതിനിടയിൽ ഹിപ്പോ കുഞ്ഞിനോ അമ്മയ്‌ക്കോ അപകടം സംഭവിക്കാൻ സാധ്യതയുള്ളതിനാലാണിത്.
ചെറിയ കൂട്ടങ്ങളായി ജീവിക്കുന്ന ഹിപ്പോകൾ പ്രസവം അടുക്കുന്നതോടെ കൂട്ടത്തിൽ നിന്ന് മാറി ആഴംകുറഞ്ഞ ഭാഗത്ത് പ്രസവിക്കുകയും പ്രസവശേഷം കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ കൂട്ടത്തിലേക്ക് കുഞ്ഞുമായി തിരികെ വരികയുമാണ് ചെയ്യാറുള്ളത്. പൊതുവെ ശാന്ത സ്വഭാവക്കാരാണെങ്കിലും ഇവ പ്രകോപനമുണ്ടാക്കിയാൽ ആക്രമിക്കാറുണ്ട്.
അഞ്ച് മുതൽ ഏഴ് വയസിലാണ് ഹിപ്പോകൾ പ്രജനനശേഷി കൈവരിക്കുന്നത്. അതേസമയം തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഒരു ജോഡി ഹിപ്പോകളെ തിരുപ്പതി മൃഗശാലയിൽ നിന്ന് കൊണ്ടുവന്ന സിംഹങ്ങൾക്ക് പകരമായി നൽകിയിരുന്നു. നിലവിൽ ഒരു ആൺ ഹിപ്പോയും വിവിധ പ്രായത്തിലുള്ള അഞ്ച് പെൺ ഹിപ്പോകളുമാണ് തിരുവനന്തപുരം മൃഗശാലയിലുള്ളത്.
ALSO READ:ചൂടേറ്റ് തളരില്ല, ഡബിൾ ഹാപ്പിയാണ് ഈ മൃഗശാലയിലെ പക്ഷിമൃഗാദികൾ