കോഴിക്കോട് :കുന്നിടിച്ച് മണ്ണ് ഖനനം ചെയ്യുന്നതിനെതിരെ പ്രതിഷേധിച്ച് നാട്ടുകാർ. ചേളന്നൂർ പൊയ്ക്കാവ് കുന്നിലെ മണ്ണ് ഖനനത്തിനെതിരെയാണ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഇന്നലെ (നവംബർ 29) രാത്രി മുതലാണ് പ്രതിഷേധം കനത്തത്. ദേശീയപാത നിർമാണത്തിൻ്റെ ഭാഗമായാണ് കുന്നിടിച്ച് മണ്ണ് എടുത്തത്. നിർമാണം കരാറെടുത്ത വാഗാട് എന്ന കമ്പനിയുടെ ലോറികളാണ് ഇന്നലെ രാത്രി മുതൽ മണ്ണ് എടുക്കുന്നതിനായി സ്ഥലത്തെത്തിയത്. ലോറികൾ നാട്ടുകാർ സംഘടിച്ചെത്തി തടഞ്ഞതോടെയാണ് പ്രശ്‌നം ഉടലെടുത്തത്. നേരത്തെയും നിരവധി തവണ കുന്നിടിക്കൽ നടന്നിരുന്നു. കുന്നിൻ്റെ മിക്ക ഭാഗങ്ങളും ഇതിനോടകം തന്നെ ഇടിച്ച് കൊണ്ടുപോയിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നാടിൻ്റെ ജലസ്രോതസ് വരെ ഇല്ലാതാകുന്ന വിധത്തിൽ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന കുന്നിടിക്കൽ ഇനി അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ തീരുമാനം. പ്രതിഷേധം കനത്തതോടെ താമരശ്ശേരി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും ഫലം കണ്ടില്ല. തുടർന്ന് തഹസിൽദാർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് മണ്ണെടുക്കാനുള്ള തീരുമാനം താത്‌കാലികമായി നിർത്തിവച്ചു.
കൂടാതെ കോഴിക്കോട് ജില്ലാ കലക്‌ടറുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി പ്രശ്‌നം രമ്യമായി പരിഹരിക്കാനും തീരുമാനമായി. അതേസമയം യാതൊരുവിധത്തിലും ഇനി മണ്ണെടുക്കാൻ അനുവദിക്കില്ലെന്നാണ് പ്രദേശത്തെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പറയുന്നത്. ഇത്തരത്തിൽ ഇനിയും മണ്ണെടുക്കാൻ ലോറികളുമായി എത്തിക്കഴിഞ്ഞാൽ അത് തടയുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി. അതേസമയം സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ പ്രദേശത്ത് വിന്യസിച്ചു.
Also Read:പെൻഷൻ ക്രമക്കേടിനെതിരെ കോട്ടക്കൽ നഗരസഭയിൽ യൂത്ത് ലീഗ് പ്രതിഷേധം