തിരുവനന്തപുരം: ഹയർസെക്കൻഡറി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി. സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ഡി ജി പിയ്ക്ക് പരാതിയും നൽകിയിട്ടുണ്ട്.
പ്ലസ് ടു മോഡൽ പരീക്ഷയുടെ ചോദ്യ പേപ്പർ ചോർന്നു, ഡിജിപിക്ക് പരാതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്
ഇന്നലെ നടന്ന പ്ലസ് ടു ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പർ വാട്‌സ്‌ആപ്പ് വഴി വിദ്യാർത്ഥികൾക്ക് മുൻകൂട്ടി ലഭിച്ചതിനെ തുടര്‍ന്ന് ഡിജിപിക്ക് പരാതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്
Published : Feb 21, 2024, 10:30 PM IST
ഇന്നലെ നടന്ന പ്ലസ് ടു ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പർ ആണ് വാട്‌സ്‌ആപ്പ് വഴി വിദ്യാർത്ഥികൾക്ക് മുൻകൂട്ടി ലഭിച്ചത്. കോഴിക്കോട് ജില്ലയിലെ വടകര മേഖലയിലെ ഒന്നിലേറെ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് ചോദ്യപേപ്പർ പരീക്ഷയ്ക്ക് മുന്നേ അച്ചടിച്ച ചോദ്യപേപ്പറിന്‍റെ ചിത്രം ലഭിച്ചത്. പരീക്ഷ എഴുതാൻ ആരംഭിച്ചതോടെയാണ് വാട്‌സ്‌ആപ്പിൽ ലഭിച്ച സമാന ചോദ്യമാണെന്ന് വിദ്യാർത്ഥികൾ തിരിച്ചറിഞ്ഞത്.
ഹയർസെക്കൻഡറി ഡയറക്‌ടറേറ്റ് ജീവനക്കാർ ചോദ്യപേപ്പർ അടങ്ങിയ പാക്കറ്റ് പ്രിൻസിപ്പൽമാരേയാണ് ഏൽപ്പിക്കുക. തുടർന്ന് ഇത് സ്‌കൂൾ ലോക്കറിൽ സൂക്ഷിക്കും. ഈ സാഹചര്യത്തിൽ ചോദ്യപേപ്പർ ചോർന്നത് വളരെ ഗൗരവമായാണ് പൊതു വിദ്യാഭ്യാസ വകുപ്പ് കാണുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.