എറണാകുളം: തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക തള്ളണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി. കോൺഗ്രസ് നേതാവ് ആവ്നി ബൻസാൽ, ബംഗളൂരു സ്വദേശി രഞജിത് തോമസ് എന്നിവർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ ഇടപെടാനാകില്ലെന്നും തെരഞ്ഞെടുപ്പ് ഹർജി മാത്രമേ ഇനി പരിഗണിക്കാനാകൂവെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ വി ജി അരുൺ, എസ് മനു എന്നിവരുൾപെട്ട ഡിവിഷൻ ബഞ്ച് ഹർജി തള്ളിയത്.
വരണാധികാരി പത്രിക സ്വീകരിച്ച് കഴിഞ്ഞാൽ ഇനി വിഷയം തെരഞ്ഞെടുപ്പ് ഹർജിയിലൂടെയേ ഉന്നയിക്കാനാകുവെന്ന് കോടതി ചൂണ്ടിക്കാട്ടി. പോസ്റ്റൽ ബാലറ്റ് പോളിങ് വരെ നടന്ന് കഴിഞ്ഞതായും ഇനി ഇടപെടരുതെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയിൽ വ്യക്തമാക്കി.