എറണാകുളം:കൊച്ചിയിലെ കാനകളുടെ ശുചീകരണത്തിലും പി ആന്‍ഡ് ഡി കോളനി നിവാസികളെ പുനരധിവസിപ്പിച്ച സർക്കാർ ഫ്ലാറ്റ് ചോർന്ന സംഭവത്തിലും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കഴിഞ്ഞയാഴ്‌ച പെയ്‌ത കനത്ത മഴയിലാണ് പി ആന്‍ഡ് ഡി കോളനി നിവാസികളെ പുനരധിവസിപ്പിച്ച സർക്കാർ വക ഫ്ലാറ്റ് ചോർന്നത്. സംഭവത്തിൽ വെള്ളിയാഴ്‌ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ജിസിഡിഎയോട് (ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്‍റ് അതോറിറ്റി) ആവശ്യപ്പെട്ടു.
സാധാരണ ജനങ്ങളോട് എന്തും ആകാമെന്ന രീതിയാണെന്നും വിഐപികളോട് അങ്ങനെ കാണിക്കില്ലല്ലോയെന്നും കോടതി വിമർശിച്ചു. കൊച്ചിയിലെ കാനകളുടെ ശുചീകരണവുമായി ബന്ധപ്പെട്ട് പറഞ്ഞ് മടുത്തുവെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി. അവസാന നിമിഷമാണോ കാര്യങ്ങൾ ചെയ്യുന്നതെന്നും ഒരു മാസ്റ്റർ പ്ലാൻ വേണ്ടേയെന്നും കോടതി ആരാഞ്ഞു.