എറണാകുളം :ശബരിമല തീർഥാടനത്തിനായി അനുവദിക്കണമെന്നുള്ള 10 വയുസുകാരിയുടെ ഹർജി ഹൈക്കോടതി തള്ളി. വിഷയം സുപ്രീം കോടതി വിശാല ബെഞ്ചിൻ്റെ പരിഗണനയിലാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. ഉയർന്ന പ്രായപരിധി പരിഗണിക്കാതെ മല കയറാൻ അനുവദിക്കാൻ ദേവസ്വത്തിന് നിർദേശം നൽകണമെന്നായിരുന്നു ആവശ്യം.
കർണാടകയിൽ നിന്നുള്ള 10 വയസുകാരിയാണ് ഹർജി നൽകിയത്. പെൺകുട്ടി പത്ത് വയസ് പിന്നിട്ടിരുന്നതിനാൽ ഓൺലൈൻ അപേക്ഷ ദേവസ്വം ബോർഡ് നിരസിച്ചിരുന്നു. ദേവസ്വം ബോർഡ് മുൻപാകെ നൽകിയ നിവേദനത്തിലും ഫലമുണ്ടാകാത്തതിനെ തുടർന്ന് ഹർജിക്കാരി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2023 ൽ നൽകിയ ഹർജിയിൽ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി വിധി പറഞ്ഞത്. ഋതുമതിയായിട്ടില്ലെന്നതടക്കമുള്ള വാദങ്ങളും ഹർജിയിൽ ഉന്നയിച്ചിരുന്നു. മലയ്ക്ക് പോകാൻ നിശ്ചയിച്ചിരുന്ന സമയം കൊറോണ വ്യാപിക്കുകയും, സാമ്പത്തിക ബുദ്ധിമുട്ടുകളും പിതാവിന് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുകയും ചെയ്‌തു. അതിനാലാണ് മലയ്ക്ക് പോകുന്നത് വൈകിയത്.
പ്രായപരിധി ഏർപ്പെടുത്തിയത് കേവലം വ്യക്തതയ്ക്കു വേണ്ടിയാണെന്നും ഹർജിയിൽ വാദമുന്നയിച്ചിരുന്നു. അതേ സമയം സുപ്രീം കോടതി വിശാല ബെഞ്ചിൻ്റെ തീരുമാനത്തിനായി കാത്തിരിക്കണമെന്ന് വ്യക്തമാക്കി ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു.
Also Read:'ഷവർ ബിൽഡിങ്'; പി ആൻഡ് ടി കോളനി നിവാസികൾക്കായി പണിത ഫ്ലാറ്റ് ചോർന്നതിൽ പരിഹാസവുമായി ഹൈക്കോടതി