എറണാകുളം : പീരുമേട് നിയമസഭ തെരഞ്ഞെടുപ്പ് കേസിൽ വാഴൂർ സോമൻ എംഎൽഎയ്ക്ക് ആശ്വാസം. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തളളി. എതിർ സ്ഥാനാർഥി യുഡിഎഫിന്‍റെ സിറിയക് തോമസ് സമർപ്പിച്ച ഹർജിയാണ് തളളിയത്.
തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വാഴൂർ സോമൻ എംഎൽഎ വസ്‌തുതകൾ മറച്ചുവച്ചെന്നായിരുന്നു ഹർജിയിലെ ആരോപണം. എൽഡിഎഫ് സ്ഥാനാർഥി വാഴൂർ സോമന്‍റെ 2021-ലെ പീരുമേട്ടിലെ വിജയം ചോദ്യം ചെയ്‌ത് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന സിറിയക് തോമസാണ് ഹർജി നൽകിയിരുന്നത്.
വാഴൂർ സോമന്‍റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം അപൂർണമെന്നായിരുന്നു ആരോപണം. ആദായ നികുതി റിട്ടേൺസടക്കമുള്ള ചില വിവരങ്ങൾ മറച്ചുവച്ചുവെന്നും ആരോപണമുണ്ടായിരുന്നു. ഭാര്യയുടെ പാൻ കാർഡ് വിവരം നൽകിയിട്ടില്ലെന്നും ഹർജിക്കാൻ വാദിച്ചിരുന്നു.
എന്നാൽ സത്യവാങ്മൂലത്തിലെ വിട്ടുപോയ ഭാഗങ്ങൾ പിന്നീട് റിട്ടേണിങ് ഓഫീസറുടെ അനുമതിയോടെ തിരുത്തിയിരുന്നെന്നാണ് വാഴൂർ സോമൻ കോടതിയിൽ സ്വീകരിച്ച നിലപാട്. വിധി നിർഭാഗ്യകരമെന്ന് ഹർജിക്കാരൻ സിറിയക് തോമസ് പ്രതികരിച്ചു. വിധിപ്പകർപ്പ് ലഭിച്ച ശേഷം സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു
ALSO READ :മാസപ്പടി വിവാദം: വീണ വിജയനെതിരായ ഷോൺ ജോർജിന്‍റെ ഹര്‍ജി അവസാനിപ്പിച്ച് ഹൈക്കോടതി