ഇടുക്കി :മൂന്നാറിലെ ഭൂമി കയ്യേറ്റ കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. വ്യാജ പട്ടയ കേസില്‍ രവീന്ദ്രന് എതിരെ എന്ത് നടപടി എടുത്തുവെന്ന് ഹൈക്കോടതി ചോദിച്ചു. മൂന്നാർ ഭൂമി കേസുകൾ പരിഗണിക്കുന്ന ബെഞ്ചിന്റേതാണ് വിമർശനം.
42 ഭൂമി കേസുകളിൽ സർക്കാർ കോടതിയിൽ തോറ്റു. എന്നിട്ടും എന്ത് കൊണ്ട് അപ്പീൽ ഫയൽ ചെയ്തില്ലെന്നും, 500 വ്യാജ പട്ടയം ഉണ്ടാക്കിയാൽ 500 കേസുകൾ വേണ്ടേ എന്നും കോടതി ചോദിച്ചു. വ്യാജപട്ടയ കേസിൽ ഗൂഢാലോചന കുറ്റം മാത്രം ചുമത്തിയത് തൃപ്തികമല്ലെന്നും വൻ അഴിമതിയാണ് നടന്നതെന്നും കോടതി നിരീക്ഷിച്ചു. രവീന്ദ്രന് മാത്രമായി വ്യാജ പട്ടയം ഉണ്ടാക്കാനാകില്ല. പിന്നിൽ വേറെയും ചില ആളുകൾ ഉണ്ടാകും. കേസിൽ സിബിഐയെ സ്വമേധയാ കക്ഷി ചേർക്കും എന്നും ഹൈക്കോടതി വ്യക്തമാക്കി.
കേസ് സിബിഐക്ക് വിടുന്നതിന് മുമ്പ് പ്രതികളെ കേൾക്കണമെന്ന വാദം എന്തിനെന്നും കോടതി ചോദിച്ചു. കേസ് സിബിഐയ്ക്ക് വിടുന്നതിന് മുമ്പ് അഡ്വക്കേറ്റ് ജനറലിനെയും കേൾക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉദ്യോഗസ്ഥരെ ഒഴിവാക്കാനാവില്ല. അവർക്കും കേസിൽ ഉത്തരവാദിത്വമുണ്ട്. 42 കേസുകളിലും കൃത്യമായ അന്വേഷണം ഉണ്ടായില്ല. ഒരു കേസിൽ തഹസിൽദാർ തന്നെ പ്രതികൾക്ക് അനുകൂലമായെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പ്രതികളെ വെറുതെ വിട്ട കേസുകളുടെ എണ്ണവും നിലവിലുള്ള കേസുകളുടെ സ്ഥിതിയും അറിയിക്കാൻ സർക്കാരിന് നിർദേശം നല്കി.
അതേസമയം, വ്യാജ പട്ടയം വിതരണം ചെയ്തതിൽ എം ഐ രവീന്ദ്രനെതിരെ ക്രിമിനല്‍ കേസ് എടുത്തിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഉച്ചയ്ക്കുശേഷം ഹര്‍ജി വീണ്ടും പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കിയത്. പട്ടയം നൽകാൻ രവീന്ദ്രനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, അധികാര പരിധി ലംഘിച്ച് അയാൾ പട്ടയം വിതരണം നടത്തി. അത് ഏതൊക്കെ എന്ന് കണ്ടെത്താൻ സാധിക്കുന്നില്ലെന്നും 530 പട്ടയങ്ങൾ റദ്ദാക്കാൻ നിർദേശം നൽകിയെന്നും സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്ന് വ്യാജ പട്ടയം വഴി ഭൂമി കിട്ടിയവരുടെ ലിസ്റ്റ് നൽകാൻ കോടതി നിർദേശിച്ചു.