എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലെടുത്ത നടപടികൾ സംബന്ധിച്ച റിപ്പോർട്ട് മുദ്രവെച്ച കവറിൽ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിക്ക് കൈമാറി. സർക്കാരും സത്യവാങ്മൂലം സമർപ്പിച്ചു. പരാതിയുമായി മുന്നോട്ട് പോകാൻ ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴി നല്‍കിയ ഭൂരിഭാഗം സ്ത്രീകൾക്കും താത്പര്യമില്ലെന്ന് സത്യവാങ്മൂലം ചൂണ്ടിക്കാട്ടി ഹൈക്കോടതി പറഞ്ഞു.
കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലെങ്കിൽ ഇരയെ നിർബന്ധിക്കാനാകില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തിലെ രണ്ട് വനിത ഉദ്യോഗസ്ഥർ നേരിട്ടെത്തി ഹൈക്കോടതിയിൽ വിവരങ്ങൾ ധരിപ്പിച്ചു.സിനിമ മേഖലയിൽ ഒന്നാകെ വരുത്തേണ്ട മാറ്റങ്ങൾ സർക്കാർ കോടതിയിൽ വിശദീകരിച്ചു. സിനിമമേഖലയെ മാത്രമല്ല സംസ്ഥാനത്തെ എല്ലാ മേഖലയെയും ഉൾക്കൊള്ളുന്നതാകണം നിയമം എന്ന് കോടതി പറഞ്ഞു. കേസിൽ നേരത്തെ കക്ഷി ചേർന്ന വനിത കമ്മീഷൻ വിനോദ മേഖലക്കായി പുതിയ നിയമ നിർമാണത്തിനുള്ള സാധ്യതകൾ പരിശോധിക്കുന്നതായി ഹൈക്കോടതിയെ അറിയിച്ചു.