ആലപ്പുഴ :കനത്ത മഴയെ തുടർന്ന് കുട്ടനാട്ടിലെ വീടുകളിൽ വെള്ളം കയറി. ജില്ലയില്‍ 4 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ചെങ്ങന്നൂർ, ചേർത്തല താലൂക്കുകളിലാണ് ക്യാമ്പ് തുറന്നത്. ദുരന്ത സാധ്യത മേഖലയില്‍ നിന്നുള്ള 18 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. 16 പുരുഷൻമാരും 23 സ്‌ത്രീകളും 13 കുട്ടികളുമാണ് നിലവില്‍ ക്യാമ്പുകളിലുള്ളത്.
ചെങ്ങന്നൂരിലെ മൂന്ന് ക്യാമ്പുകളിലായി 42 പേരാണുള്ളത്. ചേർത്തലയിൽ ഒരു ക്യാമ്പാണ് പ്രവർത്തിക്കുന്നത്. ഇവിടെ 10 പേരാണ് കഴിയുന്നത്. കിഴക്കന്‍ വെള്ളത്തിന്‍റെ വർധനവും കുട്ടനാട്ടിലെ ജലാശയങ്ങളിലെ ജലനിരപ്പ് ഉയരാൻ കാരണമായി. മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ നിരണം, തലവടി, എടത്വാ, തകഴി, വീയപുരം എന്നീ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.