ഇടുക്കി:കാലവർഷാരംഭത്തിൽ തന്നെ ഇടുക്കി ജില്ലയിൽ പെയ്‌ത മഴയിൽ ഉണ്ടായത് വ്യാപക നാശനഷ്‌ടം. ഇന്നലെ പെയ്‌ത കനത്ത മഴയിലും വ്യാപക നാശമുണ്ടായി. അതിതീവ്രമഴയ്ക്ക് കാരണം ലഘു മേഘവിസ്ഫോടനമാണോ എന്ന് സംശയിക്കുന്നതായി കാലാവസ്ഥ വിദഗ്‌ധർ.
തൊടുപുഴ ഉൾപ്പെടുന്ന ലോറേഞ്ച് മേഖലയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായി. തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ കരിപ്പലങ്ങാടിന് സമീപം പലയിടങ്ങളിലായാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. അഞ്ചിലധികം വാഹനങ്ങളുടെ മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. ഇതിൽ രണ്ടു വാഹനങ്ങൾക്ക് സാരമായ കേടുപാടുകളുണ്ടായി.
തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. കരിപ്പലങ്ങാട് ഭാഗത്ത് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണെങ്കിലും വീടിനുള്ളിൽ ഉണ്ടായിരുന്ന യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. പൂച്ചപ്ര ഭാഗത്തും ഉരുൾപൊട്ടൽ ഉണ്ടായി. ഹെക്‌ടർ കണക്കിന് കൃഷിഭൂമിയാണ് ഇവിടെ ഒലിച്ചു പോയത്.