കേരളം

kerala

ETV Bharat / state

കൊച്ചിയിൽ കനത്ത മഴ; നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് - Heavy Rain Continues in Kochi

കൊച്ചിയിൽ ശക്തമായ മഴ തുടരുന്നതോടെ കെഎസ്ആർടിസി സ്റ്റാൻഡ്, കലൂർ ആസാദ് റോഡ് തുടങ്ങി നഗരത്തിൻ്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട്.

HEAVY RAIN IN KOCHI  ERNAKULAM WEATHER CONDITION  കൊച്ചിയിൽ മഴ തുടരുന്നു  കൊച്ചി വെള്ളക്കെട്ട്
Rain in Kochi (ETV Bharat)

By ETV Bharat Kerala Team

Published : May 23, 2024, 12:40 PM IST

കൊച്ചിയിൽ ശക്തമായ മഴ തുടരുന്നു (ETV Bharat)

എറണാകുളം :കൊച്ചിയിൽ ശക്തമായ മഴ തുടരുന്നു. ഇന്ന് (23-05-2024) രാവിലെ ആറുമണി മുതലാണ് മഴ വീണ്ടും തുടങ്ങിയത്. ബുധനാഴ്‌ച വൈകുന്നേരം നാല് മണിയ്‌ക്ക് ആരംഭിച്ച മഴ രാത്രി ഒമ്പത് മണി വരെ നിർത്താതെ പെയ്‌തതോടെ നഗരത്തിൻ്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. രാത്രി മഴയുടെ ശക്തി കുറഞ്ഞതോടെയാണ് വെള്ളമിറങ്ങിയത്.

എംജി റോഡ്, സൗത്ത്, പനമ്പിള്ളി നഗർ, കടവന്ത്ര, കാക്കനാട് ഇൻഫോ പാർക്ക് പരിസരം എന്നിവിടങ്ങളിലെല്ലാം വെളളക്കെട്ട് ഒഴിഞ്ഞെങ്കിലും കെഎസ്ആർടിസി സ്റ്റാൻഡ്, കലൂർ ആസാദ് റോഡ് തുടങ്ങി നഗരത്തിൻ്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. മഴ നിർത്താതെ തുടർന്നാൽ എംജി റോഡിൽ ഉൾപ്പടെ വെള്ളമുയരാനുള്ള സധ്യതയുണ്ട്. എറണാകുളം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചത്.

മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ സമയ ബന്ധിതമായി പൂർത്തിയാക്കത്തതാണ് വേനൽ മഴയിൽ തന്നെ നഗരം വെള്ളത്തിൽ മുങ്ങാൻ കാരണമായതെന്നാണ് വിമർശനം ഉയരുന്നത്. അതേ സമയം വേലിയേറ്റം ഉൾപ്പടെയുള്ള പ്രശ്‌നങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ബ്രേക്ക്ത്രൂ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരത്തിലൂടെ കടന്ന് പോവുന്ന മുല്ലശ്ശേരി കനാലിൻ്റെ നവീകരണ പ്രവർത്തനം ഒരു വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. നഗരത്തിലെ വെള്ളക്കെട്ടിനെതിരായ ഹർജി പരിഗണിച്ച വേളയിൽ മുല്ലശ്ശേരി കനാലിൻ്റെ പ്രവർത്തനം സംബന്ധിച്ച് ഹൈക്കോടതി കഴിഞ്ഞ ദിവസം റിപ്പോർട്ട് തേടിയിരുന്നു. കഴിഞ്ഞ വർഷം മഴക്കാല പൂർവ ശുചികരണ പ്രവർത്തനങ്ങൾ നല്ല നിലയിൽ പൂർത്തിയാക്കിയതിനാൽ നഗരത്തിൽ കാര്യമായി വെള്ളമുയർന്നിരുന്നില്ല.

ഇതേ തുടർന്ന് ഹൈക്കോടതി തന്നെ കൊച്ചി കോർപ്പറേഷനെ അഭിനന്ദിച്ചിരുന്നു. എന്നാൽ ഇത്തവണ ആദ്യ മഴയിൽ തന്നെ നഗരം വെള്ളത്തിൽ മുങ്ങിയത് ജനങ്ങൾക്ക് വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. എറണാകുളം ജില്ലയുടെ കിഴക്ക് മലയോര പ്രദേശങ്ങളിലും തീര പ്രദേശങ്ങളിലും മഴ പെയ്യുന്നുണ്ട്. മൂവാറ്റുപുഴയാറിൻ്റെ തീരത്ത് താമസിക്കുന്നവർക്ക് അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

Also Read :കനത്ത മഴ; കോഴിക്കോട് മെഡിക്കൽ കോളജിലെ വാർഡുകളിൽ വെള്ളം കയറി - WATER RAISED IN CLT MEDICAL COLLEGE

ABOUT THE AUTHOR

...view details