കണ്ണൂരില്‍ മഴക്കെടുതി രൂക്ഷം (ETV Bharat) കണ്ണൂർ: ജില്ലയില്‍ കനത്ത മഴ തുടരുന്നു. മലയോര മേഖലകളിലെ പുഴകൾ കരകവിഞ്ഞു. കർണാടക മലനിരകളിൽ ഉരുൾ പൊട്ടിയതായും സൂചനയുണ്ട്. താഴ്ന്ന പ്രദേശങ്ങളിലും ഹൈവേയിലും വെള്ളം കയറി.
അഞ്ചരക്കണ്ടിയിൽ കെട്ടിടത്തിൻ്റെ മതിലിടിഞ്ഞു വീണു. സംഭവ സമയം റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്‌കൂൾ വിദ്യാർഥികൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അഞ്ചരക്കണ്ടി ടൗണിലെ കെട്ടിടത്തിന്‍റെ മതിലാണ് ഇടിഞ്ഞു വീണത്. കുട്ടികൾ ഓടി മാറിയതിനാലാണ് വൻ ദുരന്തം ഒഴിവായത്.
മട്ടന്നൂർ കൊട്ടാരം പെരിയത്ത് കനത്ത മഴയില്‍ കാർ മുങ്ങിപ്പോയി. വെള്ളം കയറിയ റോഡിലൂടെയെത്തിയ കർണാടക രജിസ്ട്രേഷൻ കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന രണ്ടുപേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ജില്ലയുടെ വിവിധ ഭാഗങ്ങള്‍ വെള്ളക്കെട്ടിലായി. ദേശീയ പാത നിർമാണം നടക്കുന്ന പരിയാരം ഏമ്പേറ്റിൽ ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട് ഗതാഗത കുരുക്കുണ്ടാക്കി. നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടു.
മഴ ശക്തമായതോടെ ദേശീയപാത നിര്‍മാണം നടക്കുന്ന സ്ഥലങ്ങളിലെല്ലാം വെള്ളക്കെട്ടുണ്ടായി. പാതകളുടെ ഇരുവശങ്ങളിലൂടെ വെള്ളം ഒഴുകി പോകാൻ സ്ഥലമില്ലാത്തതാണ് ഇതിന് പ്രധാന കാരണം. ചെറു വാഹനങ്ങൾക്ക് കടന്നു പോകാൻ പറ്റാത്ത നിലയിലാണ് വെള്ളമുയർന്നിരിക്കുന്നത്.
ആറളം ഫാമിലേക്കുള്ള പാലം മലവെള്ളപ്പാച്ചിലിൽ മുങ്ങി. കക്കാട് വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ചെങ്ങളായി, ശ്രീകണ്‌ഠാപുരം പൊടിക്കുളം എന്നിവിടങ്ങളും വെള്ളത്തിനടിയിലാണ്. മണിക്കൂറിൽ 55 കിലോമീറ്റര്‍ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
Also Read: വയനാട്ടിൽ പേമാരി; വീടുകളില്‍ വെള്ളം കയറി, 300ലധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പിൽ - Heavy Rain In Wayanad