എറണാകുളം: വിവാഹമോചനം നിരാകരിക്കുന്നത് ക്രൂരതയെന്ന് ഹൈക്കോടതി. തകര്‍ന്ന വിവാഹ ബന്ധത്തില്‍ തുടരാന്‍ നിര്‍ബന്ധിക്കുന്നതും സമാനം. തിരുവനന്തപുരം സ്വദേശിനിക്ക് വിവാഹമോചനം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിലാണ് കോടതി നിരീക്ഷണം.
വിവാഹ ബന്ധം വേർപ്പെടുത്താൻ ഭർത്താവ് വിസമ്മതിക്കുകയും കുടുംബ കോടതി വിവാഹമോചന ആവശ്യം തള്ളുകയും ചെയ്‌ത സാഹചര്യത്തിലാണ് ഹൈക്കോടതി ഇടപെടൽ. ഹർജിക്കാരി വിവാഹമോചനത്തിനായി നേരത്തെ കുടുംബ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഭർത്താവ് ആ ബന്ധം വേർപെടുത്തുന്നതിനെ എതിർത്തിരുന്നു. മാത്രമല്ല ഭർത്താവിന്‍റെ ക്രൂരത തെളിയിക്കുവാൻ തക്ക തെളിവുകൾ ഇല്ലാത്തതിനാൽ കീഴ്‌ക്കോടതി യുവതിയുടെ വിവാഹമോചനാവശ്യം തള്ളിയിരുന്നു.
കുടുംബ കോടതി യുവതിയുടെയും മകളുടെയും മൊഴികൾ കണക്കിലെടുത്തില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിവാഹ ബന്ധം അർഥവത്തായ രീതിയിൽ കൊണ്ടുപോകാൻ ഇരുവർക്കും സാധിക്കുന്നില്ല. എന്നാൽ ദമ്പതിമാരിലൊരാൾ വേർപിരിയാൻ സമ്മതിക്കാത്തത് വിവാഹമോചനം ആവശ്യപ്പെടുന്ന വ്യക്തിയോട് കാണിക്കുന്ന ക്രൂരതയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
വീണ്ടെടുക്കാൻ കഴിയാത്ത വിധം തകർന്ന ബന്ധം നിലനിർത്തുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും കോടതി സൂചിപ്പിച്ചു. കൂടാതെ വൈകാരിക വേദനയ്ക്കപ്പുറം ദമ്പതികളുടെ ജീവിതത്തിന്‍റെ മുന്നോട്ടുപോക്കും ഇതുവഴി തടയപ്പെടുമെന്നും ഹൈക്കോടതി വിലയിരുത്തി. തുടർന്ന് വിവാഹ മോചനാവശ്യം തള്ളിയ കുടുംബ കോടതി ഉത്തരവ് ജസ്‌റ്റിസുമാരായ രാജാവിജയ രാഘവൻ, പിഎം മനോജ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് റദ്ദാക്കുകയും ചെയ്‌തു.
Also Read:ബലാത്സംഗം ചെയ്‌ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചു; കുഞ്ഞിന് ജന്മം നൽകിയതോടെ കേസ് റദ്ദാക്കി ഹൈക്കോടതി