ഭക്തിസാന്ദ്രമായി ഗുരുവായൂരിൽ ഇല്ലം നിറ (ETV Bharat) തൃശൂർ: പൊന്നിൻ ചിങ്ങത്തെ വരവേറ്റ് ഭക്തിസാന്ദ്രമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ. രാവിലെ 6.18 മുതൽ 7.54 വരെയുള്ള മുഹൂർത്തിൽ കൊടിമര ചുവട്ടിലാണ് ചടങ്ങ് നടന്നത്. ആദ്യ കൊയ്ത്തിൻ്റെ നെല്ല് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സമർപ്പിക്കുന്ന പുണ്യ പ്രസിദ്ധമായ ചടങ്ങിനുള്ള കതിർക്കറ്റകൾ കഴിഞ്ഞ ദിവസം എത്തിയിരുന്നു.
അഴീക്കൽ, മനയം പാരമ്പര്യ അവകാശി കുടുംബാംഗങ്ങളാണ് കതിർക്കറ്റകൾ കിഴക്കേ ഗോപുരത്തിന് സമീപമെത്തിച്ചത്. ഇന്ന് (ഓഗസ്റ്റ് 18) പുലർച്ചെ ഗോപുരകവാടത്തിൽ അരിമാവണിഞ്ഞ് നാക്കിലവെച്ചതിൽ സമർപ്പിച്ച ശേഷം കീഴ്‌ശാന്തി നമ്പൂതിരി തീർഥം തളിച്ച് ശുദ്ധി വരുത്തി നാലമ്പലത്തിലേക്ക് എഴുന്നള്ളിച്ചു.
തുടർന്ന് ക്ഷേത്രം പ്രദക്ഷിണം വെച്ച് ശ്രീകോവിലിന് മുന്നിലെ നമസ്‌ക്കാര മണ്ഡപത്തിൽ വരിയായി കതിർക്കറ്റകൾ സമർപ്പിച്ച ശേഷം ക്ഷേത്രം മേൽശാന്തി സർവൈശ്വര്യ പൂജയും, ലക്ഷ്‌മി പൂജയും നടത്തി. കതിരുകളിൽ ഒരു പിടി പട്ടിൽ പൊതിഞ്ഞ് ഗുരുവായൂരപ്പന്‍റെ പാദങ്ങളിൽ സമർപ്പിച്ച് ശ്രീലകത്ത് ചാർത്തി. പൂജിച്ച കതിർക്കറ്റകൾ ഭക്തർക്ക് പ്രസാദമായി നൽകിയതോടെ ചടങ്ങുകൾക്ക് സമാപനമാമായി.
ഇല്ലം നിറയുടെ തുടർച്ചയായുള്ള തൃപ്പുത്തരി ആഗസ്റ്റ് 28ന് നടക്കും. രാവിലെ 9.35 മുതൽ 11.40 വരെയുള്ള മുഹൂർത്തത്തിലാണ് തൃപുത്തരി. പുന്നെല്ലിൻ്റെ അരി കൊണ്ടുള്ള പയസവും അപ്പവും ശ്രീഗുരുവായൂരപ്പന് നേദിക്കും. അന്നേ ദിവസത്തെ വിശേഷ പുത്തരി പായസം പ്രധാനമാണ്.
Also Read: ചിങ്ങപ്പുലരിയിൽ നട തുറന്നു; ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്, പുതിയ ഭസ്‌മക്കുളത്തിന് നാളെ തറക്കല്ലിടും