കേരളം

kerala

ETV Bharat / state

ഗ്രാമഫോണിന്‍റെ പിറവി എങ്ങനെ, പരിചയപ്പെടുത്തിയതാര്, ഒറിജിനലേത് വ്യാജനേത് ? ; അറിയേണ്ടതെല്ലാം - History Of Graphophone

ഗ്രാമഫോണിനെ കുറിച്ച് റിസർച്ച് നടത്തി വിവരങ്ങൾ ഇടിവി ഭാരതുമായി പങ്കുവച്ച് ടൂൺസ് അനിമേഷൻ അക്കാദമി ഫാക്കല്‍റ്റി വിനോദ് മലച്ചിറ. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ സ്വദേശിയാണ് അദ്ദേഹം.

GRAPHOPHONE  PHONOGRAPH  HISTORY  MUSIC
History Of Graphophone; an improved version of the phonograph

By ETV Bharat Kerala Team

Published : Mar 28, 2024, 5:53 PM IST

Updated : Mar 29, 2024, 12:42 PM IST

വെറും ഒരു പാട്ടുപെട്ടി അല്ല ഗ്രാമഫോൺ

എറണാകുളം :ശബ്‌ദ-സംഗീത ലോകത്ത് വിപ്ലവകരമായ ചുവടുവയ്‌പ്പ് സാധിച്ചത് ഗ്രാമഫോണിന്‍റെ കണ്ടുപിടുത്തത്തോടുകൂടിയാണ്. പുതിയൊരു തലമുറ വിനോദസഞ്ചാര മേഖലകളിലും, ആന്‍റീക് ഷോപ്പുകളിലും, പഴയ സിനിമകളിലും മാത്രം കണ്ടു പരിചയിച്ച ഗ്രാമഫോണുകൾ ഒരു കാലത്ത് ലോക സംഗീതാസ്വാദനത്തെ നിയന്ത്രിക്കുന്ന പ്രധാന ഘടകം ആയിരുന്നു.

ഗ്രാമഫോൺ വിശേഷങ്ങൾ :ഗ്രാമഫോണുകൾ പുറത്തിറക്കിയിരുന്ന ഏറ്റവും പ്രശസ്‌തമായ കമ്പനിയാണ് എച്ച്എംവി, ഹിസ് മാസ്റ്റേഴ്‌സ് വോയിസ് എന്നതാണ് കമ്പനിയുടെ പൂർണരൂപം. ഒരു കോളാമ്പിയുടെ രൂപവും, നായയുടെ ലോഗോയും എഴുപതുകൾ വരെ ശബ്‌ദ ലോകം ഭരിച്ചു. എന്നാല്‍ സുലഭമായി നാം കാണുന്ന ഗ്രാമഫോണിനെ കുറിച്ച് പലർക്കും അറിയാത്ത ചില സംഗതികൾ ഉണ്ട്.

ഇവിടെ ലഭ്യമായ 90 ശതമാനം ഗ്രാമഫോണുകളും വ്യാജ നിർമിതിയാണ്. വിശ്വസിക്കാന്‍ പറ്റുന്നില്ലല്ലേ. എന്നാല്‍ സംഗതി സത്യമാണ്. പഞ്ചാബിൽ നിന്നും പാകിസ്ഥാനിൽ നിന്നും 60കളുടെയും 80കളുടെയും ഇടയിൽ വ്യാപകമായി നിർമിച്ച് വിപണിയിൽ എത്തിച്ചവ. അതിങ്ങനെ ഉറപ്പിച്ച് പറയാന്‍ കാരണം എന്താണെന്നല്ലേ..?

ഗ്രാമഫോണുകൾ പുറത്തിറക്കിയിരുന്ന എച്ച്.എം.വി. കമ്പനി കറുപ്പ്, നീല, ചുവപ്പ്, പച്ച എന്നീ നിറങ്ങളിൽ മാത്രമാണ് ഒറിജിനൽ ഗ്രാമഫോണുകൾ വിപണിയിൽ എത്തിച്ചിട്ടുള്ളത്. ഈ നിറങ്ങളിലുള്ള ഗ്രാമഫോൺ നമ്മൾ കണ്ടിട്ടുണ്ടോ എന്നത് പോലും സംശയമാണ്. കാരണം നാം കണ്ടിട്ടുള്ള ഗ്രമാഫോണുകളെല്ലാം ബ്രാസ് മെറ്റീരിയലിൽ ആണ്. എന്നാല്‍ എച്ച്.എം.വി. കമ്പനി ഇതുവരെ ബ്രാസ് മെറ്റീരിയലിൽ ഗ്രാമഫോണുകൾ നിർമിച്ചിട്ടുമില്ല.

ലിമിറ്റഡ് എഡിഷനായി ചില പൂക്കളുടെ മാതൃകയിലും ഒക്കെ കമ്പനി ഗ്രാമഫോണുകൾ വിപണിയിൽ എത്തിച്ചിട്ടുണ്ട്. മെറ്റീരിയൽ ടിൻ ആയിരിക്കും. ബ്രാസ് നിറത്തിലുള്ള കോളാമ്പി കണ്ടാൽ ഉറപ്പിച്ചുകൊള്ളണം അത് വ്യാജനാണ്.

വശങ്ങളിലുള്ള പൈപ്പുകൾ ഒരിക്കലും കമ്പനി ബ്രാസിൽ നിർമിച്ചിട്ടില്ല. താഴെയുള്ള തടി കൊണ്ട് നിർമിച്ച ഭാഗം ഒറിജിനൽ ആണെങ്കിൽ എക്കാലവും കാണാൻ തറവാടി തന്നെ. വ്യാജനാണെങ്കിൽ കാലപ്പഴക്കത്തിൽ തടിയുടെ ഗുണമേന്മ കുറയുന്നതായി നമുക്ക് കാണാൻ സാധിക്കും.

ഒറിജിനൽ ഗ്രാമഫോണിന്‍റെ മറ്റ് ഭാഗങ്ങളെല്ലാം തന്നെ സ്റ്റീലിൽ ആണ് നിർമിച്ചിട്ടുള്ളത്. ഫ്രാൻസിസ് ബറോട് വരച്ച വിഖ്യാതമായ പെയിന്‍റിങ്ങിൽ നിന്നും കടമെടുത്തതാണ് ഹിസ് മാസ്റ്റേഴസ് വോയ്‌സ് ലോഗോ. നിർഭാഗ്യവശാൽ ആ പെയിന്‍റിങ്ങിന് ബ്രാസിന്‍റെ നിറമായി പോയി. ശേഷം വ്യാജ ഗ്രാമഫോണ്‍ നിർമിക്കുന്നവർ ആ നിറം കടമെടുത്തു.

ഒരു ഡിസ്‌കില്‍ ഒരു പാട്ടുമാത്രം ഉൾക്കൊള്ളുന്ന ഗ്രാമഫോണുകൾ കറങ്ങുന്ന വേഗത 78 ആർപിഎം ആയിരിക്കും. ഡിസ്‌കിന്‍റെ വലിപ്പം കൂടുന്നതിനനുസരിച്ച് ആർപിഎം കുറയും. വലിയ അടുപ്പുകൾ കറങ്ങുക 33 ആർപിഎമ്മിൽ ആയിരിക്കും. ഒരു ഡിസ്‌കില്‍ മൂന്നും നാലും ഗാനങ്ങൾ വരെ ഉണ്ടാകാം.

ആദ്യ കാലങ്ങളിൽ ഗ്രാമഫോണിൽ ഉപയോഗിക്കുന്ന ഡിസ്‌കുകള്‍ നിർമിച്ചിരുന്നത് ഷെല്ലാക്ക് എന്ന മെറ്റീരിയലിലാണ്. ക്ലേ ഉപയോഗിച്ചായിരുന്നു ഇത്തരം ഡിസ്‌കുകള്‍ നിർമിച്ചിരുന്നത്. പിൽക്കാലത്ത് ഇവ വിനയിൽ ഡിസ്‌കിലേക്ക് മാറുകയുണ്ടായി.

ഷെല്ലാക്ക് ഡിസ്‌കുകള്‍ തറയിൽ വീണാൽ അപ്പോൾ തന്നെ തകർന്നുപോകും. വിനയിൽ ഡിസ്‌കുകള്‍ക്ക് അത്തരം പ്രശ്‌നം ഉദിക്കുന്നില്ല. അറുപതുകള്‍ക്ക് മുൻപാണ് ഭൂരിഭാഗം ഷെല്ലാക്ക് ഡിസ്‌കുകളും വിപണിയിൽ എത്തിയിരുന്നത്. ഇതിനുശേഷം ഷെല്ലാക് നിർമാണം കമ്പനി നിർത്തിവച്ചു.

ഫോണോഗ്രാഫിലൂടെ ഗ്രാമഫോണിലേക്ക് :ഉപ്പുതൊട്ട് കർപ്പൂരം വരെ ആരുടെ കണ്ടുപിടിത്തം എന്ന് ലോകത്തോട് വിളിച്ചുചോദിച്ചാൽ കേള്‍ക്കുന്ന ഒരു പേരുണ്ട് ... തോമസ് ആൽവ എഡിസൺ. എഡിസന്‍റെ കണ്ടുപിടിത്തങ്ങൾ എണ്ണമറ്റതായതോടുകൂടിയാണ് അത്തരമൊരു പ്രയോഗം ആ ശാസ്ത്രജ്ഞനുമേൽ ലോകം ചേർത്തുവായിച്ചത്. ഗ്രാമഫോണിന്‍റെ തുടക്കം ഫോണോഗ്രാഫിലൂടെയാണ്. ടിൻ ഷീറ്റിൽ വേവ് ഫോർമാറ്റിൽ ശബ്‌ദം ആലേഖനം ചെയ്‌ത് ലോകത്തെ അമ്പരപ്പിച്ച വ്യക്തിത്വം.

ആദ്യ കാലങ്ങളിൽ ഗ്രാമഫോണിന്‍റെ പ്രാകൃത രൂപത്തിൽ ഇപ്പോൾ കാണുന്നതുപോലെയുള്ള ഡിസ്‌കുകള്‍ അല്ല ശബ്‌ദം പ്ലേ ചെയ്യാൻ ഉപയോഗിച്ചിരുന്നത്. സിലിണ്ടർ രൂപത്തിലുള്ള ടിൻ മെറ്റീരിയലുകളിൽ ശബ്‌ദം ആലേഖനം ചെയ്‌ത് നീഡിൽ ഉരയുമ്പോൾ ശബ്‌ദം പുറത്തുവരുന്ന തരത്തിൽ ആയിരുന്നു.

പിന്നീടുള്ള ചരിത്രം ഏറെ പറയാനുണ്ട്. എമിലി ബെർലിനിയർ എന്ന ശാസ്ത്രജ്ഞനായിരുന്നു ആധുനിക ഗ്രാമഫോണിന്‍റെ രൂപം ലോകത്തിന് പരിചയപ്പെടുത്തുന്നത്. 78, 48, 33 ആർപിഎമ്മുകളിൽ ഗ്രാമഫോൺ സെറ്റ് ചെയ്‌ത് വിവിധ രൂപത്തിലുള്ള ഡിസ്‌കുകളിലൂടെ ഗാനമാസ്വദിക്കാം. വിനയൽ ഡിസ്‌കുകളുടെ വേഗത 48 അല്ലെങ്കില്‍ 33 മാത്രമാണ്. പൊതുവേ ഇതിന് ലോങ് പ്ലേ റെക്കോർഡുകൾ എന്നും പറയാറുണ്ട്. കൊളംബിയ എന്ന വിഖ്യാത ഹോളിവുഡ് ഓഡിയോ കമ്പനിയാണ് ഏറ്റവുമധികം വിനയൽ ഓഡിയോ ഡിസ്‌കുകള്‍ പുറത്തിറക്കിയത്.

ഒരു തലമുറയുടെ തന്നെ സംഗീത ഓര്‍മകളാണ് ഗ്രാമഫോൺ. തങ്ങൾക്ക് പ്രിയപ്പെട്ട ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ പറ്റുന്ന വളരെ സുഗമമായ ഒരു മാർഗം. ഒരു ഗാനം ആസ്വദിക്കണമെങ്കിൽ ലൈവ് കൺസേർട്ടുകളെ മാത്രം ആശ്രയിച്ചിരുന്ന ഒരു തലമുറയ്ക്ക് അന്ന് ഗ്രാമഫോൺ നൽകിയത് സ്വർഗീയ അനുഭവമായിരുന്നു.

Last Updated : Mar 29, 2024, 12:42 PM IST

ABOUT THE AUTHOR

...view details