പത്തനംതിട്ട:കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രാമപഞ്ചായത്ത് അസിസ്‌റ്റന്‍റ് എഞ്ചിനീയറെ വിജിലന്‍സ് അറസ്‌റ്റ് ചെയ്‌തു. റാന്നി വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ അസി. എഞ്ചിനീയര്‍ വെഞ്ഞാറമൂട് സ്വദേശി വിജി വിജയനെയാണ് വിജിലന്‍സ് അറസ്‌റ്റ് ചെയ്‌തത്. പഞ്ചായത്തിലെ കുളം നവീകരണം നടത്തിയ കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് അവർ പിടിയിലായത്.
പഞ്ചായത്തില്‍ മരാമത്ത് പണികള്‍ ഏറ്റെടുത്ത് ചെയ്യുന്ന കരാറുകാരന്‍റെ 12.5 ലക്ഷം രൂപയുടെ ബില്‍ തുക മാറി നല്‍കുന്നതിനായാണ് ഇവർ കൈക്കൂലി ആവശ്യപ്പെട്ടത്. കൈക്കൂലിയുടെ അവസാന ഗഡുവായ 37,000 രൂപ ഓഫീസിൽ വച്ച് വാങ്ങുന്നതിനിടെയാണ് ഇവരെ വിജിലന്‍സ് പിടികൂടിയത്.
വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിലെ ഒരു കുളത്തിന്‍റെ നവീകരണ പ്രവര്‍ത്തികൾ കരാറുകാരൻ ഏറ്റെടുത്തിരുന്നു. ഇതിൽ കരാറുകാരന്‍റെ ആദ്യ ഗഡുവായ 9.5 ലക്ഷം രൂപ നേരത്തെ മാറി നല്‍കിയിരുന്നു. ഈ സമയം മുതൽ വിജി വിജയൻ കരാറുകാരനോട് കൈക്കൂലി ആവശ്യപ്പെട്ടു വരികയായിരുന്നു.
എന്നാൽ കൈകൂലി നൽകാൻ കരാറുകരൻ തയ്യാറായിരുന്നില്ല. ഇതിനിടെ പ്രവർത്തികൾ പൂർത്തിയാക്കി അന്തിമ ബില്ലായ 12.5 ലക്ഷം രൂപ മാറി നൽകേണ്ട പേപ്പറുകൾ വിജി വിജയന്‍റെ മുന്നിലെത്തി. എന്നാൽ ബില്ല് മാറി നല്‍കണമെങ്കില്‍ ആദ്യ ബില്ലിന്‍റെ കൈക്കൂലിയും ചേര്‍ത്ത് ഒരു ലക്ഷം രൂപ കൈക്കൂലി വേണമെന്ന് വിജി വിജയന്‍ കരാറുകാരനോട് ആവശ്യപ്പെട്ടു.
കൈക്കൂലി തുക കുറച്ചു നൽകണമെന്ന് കരാറുകരൻ പല തവണ അസിസ്‌റ്റന്‍റ് എഞ്ചിനീയർ വിജി വിജയനെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇവർ കൈക്കൂലി 50,000 രൂപയാക്കി കുറച്ചു. ഈ സമയം തന്നെ കരാറുകാരന്‍റെ കൈവശം ഉണ്ടായിരുന്ന 13,000 രൂപ ഇവർ വാങ്ങിയെടുത്തു. ബാക്കി 37,000 രൂപ ബുധനാഴ്‌ച (ഓഗസ്‌റ്റ് 7) ഓഫീസിലെത്തി നൽകണമെന്നും ഇവർ കരാറുകാരനോട് ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് കരാറുകാരൻ വിജിലന്‍സ് പത്തനംതിട്ട യൂണിറ്റ് ഡിവൈഎസ്‌പി ഹരി വിദ്യാധരനെ വിവരം അറിയിച്ചു.
വിജി കൈക്കൂലി ആവശ്യപ്പെട്ട വിവരം വിജിലൻസിനെയും കരാറുകാരൻ അറിയിച്ചു. തുടർന്ന് വിജിലന്‍സ് സംഘം വിരിച്ച വലയിൽ അസിസ്‌റ്റന്‍റ് എഞ്ചിനീയർ വിജി വിജയൻ കുടുങ്ങുകയായിരുന്നു. അറസ്‌റ്റ് ചെയ്‌ത പ്രതിയെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. വിജിലന്‍സ് തെക്കന്‍ മേഖല പൊലീസ് സൂപ്രണ്ട് കെ കെ അജിയുടെ മേല്‍നോട്ടതിലായിരുന്നു നടപടി.
Also Read:പ്രമോദ് കോട്ടൂളി കോഴവാങ്ങിയെന്ന് പാര്‍ട്ടി കണ്ടെത്തല്‍; പ്രേംകുമാര്‍ ഇല്ലത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് 'ചതി'യെന്ന് മറുപടി