കേരളം

kerala

ETV Bharat / state

തളിപ്പറമ്പ് 'സൂ സഫാരി പാർക്ക്' യാഥാര്‍ഥ്യത്തിലേക്ക്: അംഗീകാരം നല്‍കി സര്‍ക്കാര്‍; പ്രതിഷേധവുമായി സിപിഐ - Zoo Safari Park At Taliparamba - ZOO SAFARI PARK AT TALIPARAMBA

കണ്ണൂരിലെ 'സൂ സഫാരി പാർക്കി'ന് സര്‍ക്കാര്‍ അംഗീകാരം. പ്ലാൻ്റേഷൻ കോർപറേഷൻ്റെ കൈവശമുള്ള 256 ഏക്കർ ഭൂമിയിലാണ് പാര്‍ക്ക് സ്ഥാപിക്കുക. സിപിഐ ഉള്‍പ്പെടെയുളള പാര്‍ട്ടികള്‍ പാര്‍ക്കിനെതിരെ പ്രതിഷേധവുമായി രംഗത്ത്.

ZOO SAFARI PARK KANNUR  കണ്ണൂരില്‍ സൂ സഫാരി പാർക്ക്  ZOO PARKS KERALA  LATEST NEWS MALAYALAM
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jul 25, 2024, 8:48 PM IST

കണ്ണൂർ:സിപിഐ ഉൾപ്പെടെയുള്ള ഘടക കക്ഷികളുടെ എതിർപ്പ് മറികടന്ന് തളിപ്പറമ്പിൽ 'സൂ സഫാരി പാർക്കി'ന് അംഗീകാരം നൽകി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തളിപ്പറമ്പ്-ആലക്കോട് സംസ്ഥാന പാതയുടെ വശത്തായി സ്ഥിതി ചെയ്യുന്ന പ്ലാൻ്റേഷൻ കോർപറേഷൻ്റെ കൈവശമുള്ള ഭൂമിയിലാണ് നിർദ്ദിഷ്‌ട പാർക്ക് സ്ഥാപിക്കുക.

256 ഏക്കർ ഭൂമി പാർക്ക് സ്ഥാപിക്കുന്നതിനായി വിട്ടുനൽകാൻ കൃഷി വകുപ്പ് തീരുമാനിച്ചിരുന്നു. നാടുകാണി ഡിവിഷനിലെ പ്ലാന്‍റേഷൻ കോർപറേഷന്‍റെ കൈവശമുള്ള ഭൂമി റവന്യൂ വകുപ്പിന് വിട്ടുനൽകാനുള്ള നിരാക്ഷേപ പത്രമാണ് നൽകിയത്. റവന്യൂ വകുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കി പത്ത് ദിവസത്തിനകം ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം. സിപിഐ ഉൾപ്പെടെയുള്ള എൽഡിഎഫ് ഘടക കക്ഷികളുടെ എതിർപ്പ് തള്ളിയാണ് തളിപ്പറമ്പിൽ 'സൂ സഫാരി പാർക്ക്' ആരംഭിക്കാനുള്ള നടപടിക്രമങ്ങളുമായി സർക്കാർ മുന്നോട്ട് പോകുന്നത് എന്നതാണ് ശ്രദ്ധേയം.

കൂടുകളിൽ അല്ലാതെ സ്വഭാവിക വനാന്തരീക്ഷത്തിൽ മ്യഗങ്ങൾക്കും പക്ഷികൾക്കും വിഹരിക്കാൻ കഴിയുന്ന തരത്തിലാണ് പാർക്ക് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. നിലവിലുള്ള പ്രകൃതി അതേപോലെ നിലനിർത്തി സ്വഭാവിക വനവത്‌കരണം നടത്തിയാണ് പാർക്കിൻ്റെ രൂപകൽപ്പന. സഞ്ചാരികളെ കവചിത വാഹനങ്ങളിലാണ് പാർക്കിലൂടെ യാത്ര ചെയ്യിപ്പിക്കുക.

പാർക്കിനോട് അനുബന്ധമായി ബൊട്ടാണിക്കൽ ഗാർഡൻ, മഴവെള്ള സംഭരണി, നാച്വറൽ ഹിസ്റ്ററി മ്യൂസിയം എന്നിവയും സ്ഥാപിക്കും. പ്ലാൻ്റേഷൻ കോർപറേഷനിലെ ജീവനക്കാരെ നിർദിഷ്‌ട പാർക്കിലേക്ക് ആഗിരണം ചെയ്യും. മന്ത്രിമാരായ കെ രാജൻ, എകെ ശശീന്ദ്രൻ, പി.പ്രസാദ്, എംവി ഗോവിന്ദൻ, ചീഫ് സെക്രട്ടറി ഡോ.വി വേണു തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ മണ്ഡലമായ തളിപ്പറമ്പ് നാടുകാണിയിൽ പുതുതായി സ്ഥാപിക്കാനൊരുങ്ങുന്ന അനിമൽ സഫാരി പാർക്കിനെതിരെ ആദ്യ ഘട്ടത്തിൽ തന്നെ പ്രതിഷേധം ശക്തമായിരുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങൾ നിലനിൽക്കുന്ന പ്രദേശത്താണ് പദ്ധതിയുമായി ഇടതുപക്ഷ സർക്കാർ മുന്നോട്ടു പോകുന്നത്. പദ്ധതിക്കെതിരെ യുഡിഎഫ് നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത് എല്‍ഡിഎഫ് ഘടകക്ഷികളിൽ ഒന്നായ സിപിഐയാണ്. നാടുകാണിയിലെ സിപിഐ പ്രാദേശിക ഘടകമാണ് പ്രതിഷേധമറിയിച്ചത്.

ഇത് തള്ളിയാണ് നിലവിലെ മന്ത്രിസഭ പ്രഖ്യാപനം. ഏഷ്യയിലെ ഏറ്റവും വലിയ കുറപ്പത്തോട്ടങ്ങളിൽ (കറുവപ്പട്ട) ഒന്നാണ് നാടുകാണിയിലേത്. ഇത് നശിപ്പിച്ച് മൃഗശാല സ്ഥാപിക്കാനുള്ള നീക്കവുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത് എന്നാണ് സിപിഐ ബ്രാഞ്ച് കമ്മിറ്റി യോഗത്തിലെ കുറ്റപ്പെടുത്തൽ. കിൻഫ്രയിൽ വ്യവസായ സ്ഥാപനങ്ങൾ സ്ഥാപിച്ച ശേഷം പന്നിയൂർ കൂവേരി, പടപ്പങ്ങോട്, പ്രദേശങ്ങളിൽ കുടിവെള്ളം ശുദ്ധവായു എന്നിവ മലിനമായിരിക്കുകയാണ്. ഇതിന് ഒരു പരിധിവരെ നാടുകാണി തോട്ടത്തിലെ മരങ്ങൾ ആശ്വാസമാണ്. ഇതൊക്കെയും നശിപ്പിച്ചാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നത് എന്ന ആക്ഷേപവും യോഗത്തില്‍ ഉയര്‍ന്നുവന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങാനും സിപിഐ യോഗത്തില്‍ തീരുമാനിച്ചു.

നിലവിൽ തോട്ടത്തിന്‍റെ ഭാഗമായ തൊഴിലാളികൾക്ക് സഫാരി പാർക്കിൽ ജോലി ഉറപ്പാക്കി ഭൂമി കൈമാറ്റത്തിനുള്ള എതിർപ്പ് മറികടക്കുന്ന കാര്യമാണ് സർക്കാർ ആലോചിക്കുന്നത് എന്നും ആക്ഷേപമുണ്ട്. മൃഗശാല അതോറിറ്റിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് ഇവിടെ സഫാരി പാർക്കിന് അനുയോജ്യമാണെന്നാണ് വിലയിരുത്തൽ.

കേന്ദ്ര നിയമപ്രകാരം വലിയ കാറ്റഗറിയിലുള്ള മൃഗശാല സ്ഥാപിക്കാൻ 186 ഏക്കർ ഭൂമിയാണ് വേണ്ടത്. സഫാരി പാർക്ക് സ്ഥാപിക്കാൻ 50 മുതൽ 75 വരെ ഏക്കർ ഭൂമി വേണം. മുന്നൂറോളം ഏക്കർ ഉള്ളതാണ് നാടുകാണിയിലെ തോട്ടം ഭൂമി. ആലക്കോട് സർക്കാർ എസ്‌റ്റേറ്റ്‌ എന്ന ഭൂമി 2023ൽ ആദിവാസികൾക്ക് പതിച്ചു നൽകാനായി സർക്കാർ ഏറ്റെടുത്തിരുന്നു.

പ്ലാന്‍റേഷൻ കോർപറേഷന്‍റെ കീഴിലുള്ള സ്ഥലത്ത് ഇപ്പോൾ ഔഷധസസ്യങ്ങളാണ് ഏറെയുള്ളത്. ഫല വർഗങ്ങളും സുഗന്ധദ്രവ്യങ്ങളും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. ചപ്പാരപ്പടവ്, കുറുമാത്തൂർ പഞ്ചായത്തുകളിൽ വ്യാപിച്ചുകിടക്കുന്നതാണ് തോട്ടം. വാഹനത്തിൽ സഞ്ചരിച്ച് മൃഗങ്ങളെ കാണാനാകും വിധമാണ് പാർക്ക് വിഭാവനം ചെയ്യുന്നത്.

Also Read:പേരാമ്പ്ര ബയോളജിക്കൽ പാർക്ക്; പ്രോജക്‌ട് റിപ്പോർട്ട് തയ്യാറാക്കാന്‍ വനം വകുപ്പ്

ABOUT THE AUTHOR

...view details