കാസർകോട് :കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ തെറ്റായ ട്രാക്കിൽ ഗുഡ്‌സ് ട്രെയിൻ നിർത്തി. പാസഞ്ചർ ട്രെയിൻ വരുന്ന ഒന്നാം ട്രാക്കിൽ ട്രെയിൻ നിർത്തിയാണ് ലോക്കോ പൈലറ്റ് പോയത്. ഇതോടെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലൂടെ പോകേണ്ട പരശുറാം, നേത്രാവതി, മംഗലാപുരം - കോഴിക്കോട് ട്രെയിനുകൾ മൂന്നാം നമ്പർ ട്രാക്കിലൂടെ കടന്നു പോയി. ഇതിനിടയിൽ കുറച്ച് ബോഗികൾ എഞ്ചിനെത്തി നീലേശ്വരത്തേക്ക് മാറ്റിയിട്ടുണ്ട്.
ഡ്യൂട്ടി സമയം കഴിഞ്ഞതോടെ ലോക്കോ പൈലറ്റ് പോയെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് പുലർച്ചെ 2 മണിക്കാണ് ഗുഡ്‌സ് ട്രെയിൻ ഒന്നാം ട്രാക്കിൽ നിർത്തിയിട്ടത്. അതേസമയം ഒരു മണിക്കൂറിനുള്ളിൽ ട്രെയിൻ നീക്കുമെന്ന് റയിൽവേ അധികൃതർ അറിയിച്ചു.
സുരക്ഷ വീഴ്‌ച ഉണ്ടായിട്ടില്ലെന്നും സാധാരണ ചെയ്യുന്ന കാര്യം മാത്രമാണെന്നും റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. ലോക്കോ പൈലറ്റിനെതിരെ നടപടിയ്‌ക്ക് സാധ്യത ഇല്ലെന്നും ഡ്യൂട്ടി സമയം കഴിഞ്ഞാണ് ലോക്കോ പൈലറ്റ് മടങ്ങിയതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.