മലപ്പുറം:കരിപ്പൂർ വിമാനത്താവളത്തില്‍ മുക്കാല്‍ കോടി രൂപയുടെ സ്വർണ്ണം പൊലീസ് പിടികൂടി. യുഎയിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 1260 ഗ്രാം സ്വര്‍ണ്ണമാണ് ഇന്ന് പൊലീസ് പിടിച്ചെടുത്തത് (Gold smuggling in karipur airport).
കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്‌സ്‌പ്രസ് ഐക്‌സ് 332വിമാനത്തില്‍ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം തിരൂര്‍ സ്വദേശി റിംനാസ് ഖമര്‍ (29) ആണ് 1260 ഗ്രാം സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പൊലീസിന്‍റെ പിടിയിലായത്.
ഇയാളില്‍ നിന്നും സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിന് പുറത്ത് കാത്തുനിന്ന പാലക്കാട് ആലത്തൂര്‍ സ്വദേശി റിംഷാദ്‌നെയും (26) കസ്‌റ്റഡിയിലെടുത്തു.
സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി 4 കാപ്സ്യൂളുകള്‍ രൂപത്തില്‍ പാക്ക് ചെയ്‌ത് ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് പ്രതി ഖൈമയില്‍ നിന്നെത്തിയത്. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് ആഭ്യന്തര വിപണിയില്‍ 77 ലക്ഷത്തിലധികം വില വരും.
മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എയര്‍പോര്‍ട്ടിനകത്തുള്ള ആധുനിക എക്‌സറേ സംവിധാനങ്ങളും പരിശോധനകളും മറി കടന്ന് എയര്‍പോര്‍ട്ടിന് പുറത്തെത്തിയ റിംനാസ് ഖമറിനെ പൊലീസ് പിടികൂടിയത്.
കസ്‌റ്റഡിയിലെടുത്ത റിംനാസിനേയും റിംഷാദിനേയും 5 മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തെങ്കിലും ഇരുവരും കുറ്റം സമ്മതിക്കാന്‍ തയ്യാറായിരുന്നില്ല. തന്‍റെ പക്കല്‍ ഒരു കാര്‍ വാഷര്‍ ഉപകരണം മാത്രമാണ് തന്ന് വിട്ടതെന്ന് റിംനാസും കാര്‍ വാഷര്‍ ഏറ്റ് വാങ്ങാനാണ് താന്‍ എയര്‍പോര്‍ട്ടില്‍ വന്നതെന്ന് റിംഷാദും ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.
പിന്നീട് റിംനാസിനെ പുലര്‍ച്ചെ 1.30 ന് മെഡിക്കല്‍ എക്‌സറേക്ക് വിധേയമാക്കിയപ്പോള്‍ ശരീരത്തിനത്ത് 4 കാപ്സ്യൂളുകള്‍ കണ്ടെത്തി. എക്‌സറേ ഫിലിം കാണിച്ച് വീണ്ടും റിംനാസിനെ ചോദ്യം ചെയ്‌തപ്പോഴും സ്വര്‍ണ്ണം ശരീരത്തിനകത്ത് വെച്ചിട്ടുണ്ടെന്ന് സമ്മതിക്കാന്‍ പ്രതി തയ്യാറായിരുന്നില്ല.
എന്നാൽ സ്വര്‍ണ്ണത്തോടൊപ്പം കാര്‍ വാഷര്‍ കൊടുത്തുവിട്ടത് കസ്‌റ്റംസിന്‍റെ ശ്രദ്ധ തിരിക്കാനാണെന്നാണ് അനുമാനം. കസ്‌റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്.
സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് തിരൂര്‍ സ്വദേശി ഫൈസല്‍, പാലക്കാട് സ്വദേശി ഹബീബ് എന്നിവരാണെന്ന് അറിഞ്ഞിട്ടുണ്ട്. കള്ളക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.
അതേസമയം കഴിഞ്ഞ ഒരു മാസത്തിനിടെ കരിപ്പൂർ എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പൊലീസ് പിടികൂടുന്ന ഒൻപതാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്.
പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും. അതോടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്‌റ്റംസ് പ്രിവന്‍റീവിന് സമര്‍പ്പിക്കും.